ആദ്യഘട്ടത്തിൽ വൈറസ് സാമ്പിളുകൾ നശിപ്പിച്ചെന്ന് സമ്മതിച്ച് ചൈന
text_fieldsബീജിങ്: കോവിസ് 19 വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ ചില കൊറോണ വൈറസ് സാമ്പിളുകള്‍ നശിപ്പിച്ചതായി സമ്മതിച്ച് ചൈന. ചില അനധികൃത ലബോറട്ടറികളില്‍ ഉണ്ടായിരുന്ന വൈറസ് സാമ്പിളുകള്‍ നശിപ്പിക്കാന്‍ ചൈനീസ് സര്‍ക്കാര്‍ ജനുവരി മൂന്നിന് ഉത്തരവു നല്‍കിയിരുന്നുവെന്ന് ചൈനയുടെ ദേശീയ ആരോഗ്യ കമ്മിഷനിലെ സയന്‍സ് ആന്‍ഡ് എജ്യുക്കേഷന്‍ വിഭാഗം സൂപ്പര്‍വൈസര്‍ ലിയു ഡെങ്‌ഫെങ് ആണ് വെളിപ്പെടുത്തിയത്. വൈറസ് സംബന്ധിച്ചുള്ള വിവരങ്ങള്‍ ചൈന മറച്ചുവച്ചുവെന്ന അമേരിക്കയുടെ ആരോപണങ്ങള്‍ക്ക് ബലമേകുന്നതാണ് ഈ വെളിപ്പെടുത്തൽ.
മാരക വൈറസിനെ കൈകാര്യം ചെയ്യാന്‍ ശേഷിയില്ലാത്ത ലാബുകളില്‍ സൂക്ഷിച്ചിരുന്ന വൈറസുകള്‍ നശിപ്പിക്കാനായിരുന്നു നിര്‍ദേശമെന്ന് ലിയു ഡെങ്‌ഫെങിനെ ഉദ്ധരിച്ച് ' സൗത്ത് ചൈന മോണിങ് പോസ്റ്റ്' റിപ്പോർട്ട് ചെയ്തു. ജൈവ സുരക്ഷ പരിഗണിച്ചും ലാബുകളുടെ സുരക്ഷ ഉറപ്പാക്കാനും അജ്ഞാതമായ രോഗാണുക്കള്‍ മൂലമുള്ള ദുരന്തങ്ങള്‍ ഒഴിവാക്കാനുമായിരുന്നു നടപടിയെന്നന്ന് ലിയു വ്യക്തമാക്കി. വൈറസ് അപകടകാരിയാണെന്ന വിദഗ്ധ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ്, ചില ലാബുകളിലെ സാമ്പിളുകള്‍ നശിപ്പിക്കാന്‍ നിര്‍ദേശിച്ചത്. ഇത്തരം കേസുകൾ കൈകാര്യം ചെയ്യാനുള്ള നിശ്ചിത സുരക്ഷാ മാനദണ്ഡങ്ങളില്ലാത്ത ലാബുകളെ ഒഴിവാക്കുകയെന്ന ചൈനയുടെ നയത്തിന്റെ ഭാഗമായാണിത്.
സാമ്പിളുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയാത്ത കേന്ദ്രങ്ങള്‍ അവ മറ്റിടങ്ങളിലേക്കു മാറ്റുകയോ നശിപ്പിക്കുകയോ ആണു ചെയ്യുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്ക പറയുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ലോകരാജ്യങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയാണ് അവരുടെ ലക്ഷ്യമെന്നും ലിയു കുറ്റപ്പെടുത്തി.
രോഗവ്യാപനത്തിന്റെ തീവ്രത മറച്ചുവെക്കുന്നതിന്റെ ഭാഗമായി സാമ്പിളുകള്‍ നശിപ്പിക്കാന്‍ ചൈനീസ് സര്‍ക്കാര്‍ ജനുവരി മൂന്നിന് ഉത്തരവിട്ടെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ആരോപിച്ചിരുന്നു. എവിടെനിന്നാണു വൈറസിന്റെ തുടക്കം, എങ്ങനെയാണു മനുഷ്യരില്‍നിന്നു മനുഷ്യരിലേക്കു പടര്‍ന്നത് എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ചൈന മറച്ചു വെച്ചെന്നും അദ്ദേഹം ആരോപിക്കുന്നു.
വൈറസിന്റെ ഉത്ഭവം സംബന്ധിച്ച് അമേരിക്കയും ചൈനയും നേര്‍ക്കുനേര്‍ പോരാട്ടത്തിലാണ്. വുഹാനിലെ ലാബില്‍നിന്നാണ് വൈറസ് പടര്‍ന്നതെന്ന് അമേരിക്ക ആരോപിക്കുമ്പോൾ യു.എസ് സൈനികരാണ് വുഹാനിലേക്ക് വൈറസിനെ എത്തിച്ചതെന്ന് ചൈന പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
