പാകിസ്താനുമായി സൈനിക സഹകരണം മെച്ചപ്പെടുത്താനൊരുങ്ങി ചൈന
text_fieldsബെയ്ജിങ്: ബാലിസ്റ്റിക് മിസൈൽ, ക്രൂയിസ് മിസൈൽ, ബഹുദൗത്യ യുദ്ധ വിമാനങ്ങൾ എന്നിവയുടെ നിർമാണത്തിന് പാകിസ്താനുമായി സൈനിക സഹകരണം മെച്ചപ്പെടുത്താനൊരുങ്ങി ചൈന. ചൈന സന്ദർശിച്ച പാക് സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്വ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായി ചൈനീസ് ഒൗദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. ബജ്വയുടെ ആദ്യ ചൈന സന്ദർശനമാണിത്.
വ്യാഴാഴ്ച ചൈനയുടെ സെൻട്രൽ മിലിറ്ററി കമീഷനു കീഴിലുള്ള ജോയിൻറ് സ്റ്റാഫ് വകുപ്പ് മേധാവി ജനറൽ ഫാങ് ഫെൻഗ്യൂയിയുമായി ബജ്വ കൂടിക്കാഴ്ച നടത്തിയിരുന്നു. പാകിസ്താനുമായുള്ള തന്ത്രപരമായ പങ്കാളിത്തം അന്താരാഷ്ട്ര സമൂഹത്തിൽ മാറ്റങ്ങൾ സൃഷ്ടിച്ചതായി ഫാങ് അഭിപ്രായപ്പെട്ടു.
ചൈനീസ് എക്സിക്യൂട്ടീവ് വൈസ് പ്രീമിയർ സാങ് ഗവോലി, സെൻട്രൽ മിലിറ്ററി കമ്മീഷൻ വൈസ് ചെയർമാൻ ജനറൽ ഫാൻ ചാങ്ലോങ്, പീപ്ൾസ് ലിബറേഷൻ ആർമി കമാൻഡർ ലി സുവോചെങ് എന്നിവരുമായും ബജ്വ ചർച്ച നടത്തി. ആഭ്യന്തര സുരക്ഷ, സാമ്പത്തിക പ്രതിരോധ സഹകരണം എന്നിവയിലൂന്നിയായിരുന്നു ചർച്ച.
ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക ഇടപാടുകൾ ശക്തമാകുമെന്നും പുതിയ സൈനിക സാേങ്കതികപദ്ധതികളിലുള്ള സഹകരണം ചർച്ച ചെയ്തേക്കുമെന്നും സൈനിക വിദഗ്ധൻ സോങ് ഷോങ്പിങ് അഭിപ്രായപ്പെട്ടു. പാകിസ്താനും ചൈനയും സംയുക്തമായി വികസിപ്പിച്ച ജെ.എഫ്. 17 തണ്ടർ യുദ്ധവിമാനങ്ങൾ അടക്കമുള്ള ആയുധങ്ങളുടെ ഇടപാട് സംബന്ധിച്ച് തീരുമാനമായേക്കും.
പാകിസ്താനിൽ വെച്ച് ബാലിസ്റ്റിക് മിസൈൽ, ക്രൂയിസ് മിസൈൽ, വിമാനേതര മിസൈൽ, കപ്പലിതര മിസൈലുകൾ എന്നിവ നിർമിക്കാൻ പാകിസ്താന് അധികാരം നൽകുന്നതു സംബന്ധിച്ച കാര്യങ്ങളും ചർച്ചയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്ന് സോങ് കൂട്ടിച്ചേർത്തു. ചൈന-പാക് സാമ്പത്തിക ഇടനാഴിയുടെ സുരക്ഷ ഉറപ്പാക്കുമെന്ന് വെള്ളിയാഴ്ച ഇരുരാജ്യങ്ങളും ഉറപ്പു നൽകിയിരുന്നു. സാമ്പത്തിക ഇടനാഴിയുടെ സുരക്ഷക്ക് പാകിസ്താൻ 1500 സൈനികരെ നിയോഗിച്ചതായും ഗ്വദാർ തുറമുഖത്തിെൻറ സുരക്ഷക്ക് പാക് നാവികസേന പുതിയ വിഭാഗത്തെ രൂപവത്കരിച്ചതായും ചൊവ്വാഴ്ച ചൈനയിലെ പാക് അംബാസഡർ മസൂദ് ഖാലിസ് അറിയിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
