ഏപ്രിൽ 23നകം മസ്ഉൗദിനെ ഭീകരപ്പട്ടികയിൽ പെടുത്തണം: റിപ്പോർട്ട് തള്ളി ചൈന
text_fieldsബെയ്ജിങ്: ഏപ്രിൽ 23നുള്ളിൽ പാക് ഭീകരസംഘടനയായ ജയ്ശെ മുഹമ്മദ് തലവൻ മസ്ഉൗദ് അസ്ഹറിനെ ഭീകരപ്പട്ടികയിൽ പെടുത്തണമെന്ന് യു.എസും ബ്രിട്ടനും ഫ്രാൻസും അന്ത്യശാസ നം നൽകിയെന്ന റിപ്പോർട്ട് തള്ളി ചൈന. എന്നാൽ, വിഷമംപിടിച്ച ഈ പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നും ചൈന അവകാശപ്പെട്ടു.
പുൽവാമ ഭീകരാക്രമണത്തിനു ശേഷം മസ്ഉൗദിനെ ഭീകരപ്പട്ടികയിൽ പെടുത്താൻ യു.എന്നിൽ ബ്രിട്ടനും ഫ്രാൻസും യു.എസും നീക്കം നടത്തിയിരുന്നു. എന്നാൽ, സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി ചൈന അത് തടയുകയായിരുന്നു.
തുടർന്ന് മസ്ഉൗദിനെ കരിമ്പട്ടികയിൽ പെടുത്താൻ യു.എൻ രക്ഷാസമിതിയിൽ യു.എസിെൻറ പിന്തുണയോടെ ബ്രിട്ടനും ഫ്രാൻസും നീക്കം നടത്തി. ഈ നീക്കവും ചൈന തടഞ്ഞു. അതിനിടെ ചൈന ഉന്നയിച്ച സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ മൂന്നു രാജ്യങ്ങളും ഏപ്രിൽ 23 വരെ സമയം നൽകിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
പ്രശ്നങ്ങൾ തീർത്ത് മസ്ഉൗദിനെ ഭീകരനായി പ്രഖ്യാപിക്കണമെന്നാണ് അന്ത്യശാസനം. ഇതാണ് ചൈന തള്ളിയത്. മാധ്യമങ്ങൾക്ക് എങ്ങനെയാണ് ഇത്തരത്തിലൊരു വിവരം ലഭിച്ചതെന്ന് അറിയില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ലു കാങ് പറഞ്ഞു.