കോവിഡിൽ മരിച്ചവർക്ക് ആദരമർപ്പിച്ച് ചൈന
text_fieldsബീജിങ്: കോവിഡ് മഹാമാരിയിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരമർപ്പിച്ച് ചൈന. ദേശീയ പതാക പകുതി താഴ്ത്തി, സൈറണുകൾ മുഴക്കി രാജ്യം മൂന്ന് മിനിറ്റ് പരേതർക്ക് ആദരാഞ്ജലി അർപ്പിച്ചു.
എല്ലാ പ്രധാന നഗരങ്ങളിലും ശനിയാഴ്ച രാവിലെ 10 മണിക്കാണ് (ഇന്ത്യൻ സമയം രാവിലെ 7.30) അനുസ്മരണം നടന്നത്. എന്നാൽ, വൈറസ് ആദ്യമായി കണ്ടെത്തിയ വുഹാൻ ഇപ്പോഴും അടച്ചിട്ടിരിക്കുന്നതിനാൽ ചടങ്ങുകൾ നാമമാത്രമായിരുന്നു.
ജനുവരി 23നാണ് വുഹാനിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ഇവിടെയുള്ള 11 ദശലക്ഷം പൗരന്മാർ രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്യുകയാണെന്നും വുഹാൻ വീര നഗരമാണെന്നും ചൈനയിലെ കമ്മ്യൂണിസ്റ്റ് നേതൃത്വം അഭിപ്രായപ്പെട്ടു.
ശനിയാഴ്ച ചൈന വുഹാനിൽ ഒന്നും വിദേശത്ത് നിന്ന് എത്തിയ 18 പേർക്കും പുതുതായി രോഗബാധ സ്ഥിരീകരിച്ചു. വുഹാനിൽ നാല് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചൈനയിൽ ആകെ 81,639 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 3,326 പേർ മരണപ്പെട്ടു.