ഉയ്ഗൂർ വംശജർക്കെതിരായ ചൈനീസ് ക്രൂരതക്ക് പുതിയ തെളിവ്
text_fieldsബെയ്ജിങ്: സിൻജ്യങ് പ്രവിശ്യയിലെ ഉയ്ഗൂർ മുസ്ലിംകൾക്കെതിരായ ചൈനയുടെ ക്രൂരത ക്ക് കൂടുതൽ തെളിവുകൾ. വിഭാഗീയതയും തീവ്രവാദവും നടത്തുന്നവർക്കെതിരെ ഒരുവിധ ദയ യും പാടില്ലെന്ന ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങിെൻറ ഉത്തരവടങ്ങുന്ന ഔദ്യോഗിക രേഖകളാണ് പുറത്തായത്.
10 ലക്ഷത്തിലേറെ ഉയ്ഗൂർ മുസ്ലിംകളെ തീവ്രവാദികളെന്ന് മുദ്രകുത്തി ചൈന തടവിൽ പാർപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 403 പേജുകളുള്ള ഒൗദ്യോഗിക രേഖയിലെ വിവരങ്ങളാണ് ചോർന്നത്. ഉയ്ഗൂർ വംശജർക്കെതിരായ സൈനിക അടിച്ചമർത്തലിൽ പാർട്ടിക്കുള്ളിലെ ഒരു വിഭാഗത്തിന് അതൃപ്തിയുള്ളതായും റിപ്പോർട്ടിലുണ്ട്. പാർട്ടിയിലെ പ്രമുഖനാണ് രേഖ ചോർത്തിയതും. ഇതേക്കുറിച്ചുള്ള വിവരങ്ങൾ ന്യൂയോർക് ടൈംസാണ് റിപ്പോർട്ട് ചെയ്തത്.
2014ൽ തെക്കുപടിഞ്ഞാറൻ ചൈനയിലെ റെയിൽവേ സ്റ്റേഷനിൽ 31 പേർ കൊല്ലപ്പെട്ട സംഭവമാണ് ഉയ്ഗൂരികൾക്കെതിരെ കടുത്ത നടപടികൾക്ക് ചൈനീസ് ഭരണകൂടത്തെ പ്രേരിപ്പിച്ചത്. ആ കൊലപാതകങ്ങൾക്കു പിന്നിൽ ഉയ്ഗൂർ വംശജരാണെന്ന് ആരോപണമുയർന്നിരുന്നു. തുടർന്നാണ് ന്യൂനപക്ഷവിഭാഗത്തെ മൃഗീയമായി അടിച്ചമർത്താൻ ചൈനീസ് പ്ര സിഡൻറ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുന്നത്.