തായ്വാൻ സിനിമ അവാർഡ്: താരങ്ങൾക്ക് ചൈനയുടെ വിലക്ക്
text_fieldsബെയ്ജിങ്: തായ്വാനിൽ നടക്കുന്ന ഗോൾഡൻ ഹോഴ്സ് അവാർഡ് ദാന ചടങ്ങിൽ പെങ്കടുക്കുന്നതിൽനിന്ന് ചൈനീസ് സിനിമകൾക്കും താരങ്ങൾക്കും വിലക്ക്. ഏഷ്യയിലെ പ്രധാന ഫിലിം അവാർഡ് ചടങ്ങുകളിലൊന്നാണ് ഗോൾഡൻ ഹോഴ്സ്. വാർത്ത പുറത്തുവിട്ട സർക്കാർ നിയന്ത്രിത ചൈന ഫിലിം ന്യൂസ് ബ്ലോഗ് വിലക്കിെൻറ കാരണം വ്യക്തമാക്കിയിട്ടില്ല.
ചൈനയുടെ വിലക്കുണ്ടെങ്കിലും ചടങ്ങുമായി മുന്നോട്ടുപോകുമെന്ന് ഗോൾഡൻ ഹോഴ്സ് സംഘാടക സമിതി അറിയിച്ചു. വിലക്ക് ശരിയാണെങ്കിൽ അത് ഖേദകരമാണ്. അവാർഡ് നിർണയം നടന്നുവരുകയാണ്. കാര്യങ്ങൾ മുൻ നിശ്ചയ പ്രകാരം നടക്കും. പതിവുപോലെ ഗോൾഡൻ ഹോഴ്സ് അവാർഡ് ചടങ്ങുകൾ നടക്കുമെന്നും പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ വർഷത്തെ അവാർഡ് ദാന ചടങ്ങിൽ ‘തായ്വാനെ സ്വതന്ത്ര രാജ്യമായി ലോകം അംഗീകരിക്കണമെന്ന’ തായ്വാനീസ് സംവിധായിക ഫു യിയുടെ പ്രസ്താവനയെ ചൈന വിമർശിച്ചിരുന്നു. തായ്വാൻ തങ്ങളുടെ ഭാഗമാണെന്ന ചൈനയുടെ അവകാശവാദത്തെ തള്ളിക്കളയുന്നതായിരുന്നു ഫുയിയുടെ പ്രസ്താവന. ഇതിൽ പ്രതിഷേധിച്ച് സ്റ്റേജിൽ കയറാൻ വിസമ്മതിച്ച ചൈനീസ് താരങ്ങൾ, ചൈനയും തായ്വാനും ഒരേ കുടുംബമാണെന്നു ചൂണ്ടിക്കാട്ടി. അവാർഡ് നിശയോടനുബന്ധിച്ച വിരുന്ന് സൽക്കാരത്തിൽനിന്നും അവർ വിട്ടുനിന്നു.
ഫുയിയെ പിന്തുണച്ച് തായ്വാൻ പ്രസിഡൻറ് സായ് ഇങ് വെൻ രംഗത്തെത്തിയിരുന്നു. തായ്വാൻ സ്വതന്ത്രവാദത്തെ അനുകൂലിക്കുന്ന സായ് ഇങ്, ചൈനയിൽനിന്ന് ഭിന്നമായി തായ്വാനിലുള്ള സ്വാതന്ത്ര്യത്തെയാണ് അവാർഡ് ചടങ്ങ് ഉയർത്തിക്കാട്ടുന്നതെന്നും പ്രസ്താവിച്ചു.
ആഴ്ചകളായി തായ്വാനും ചൈനയും തമ്മിലുള്ള സംഘർഷം വർധിച്ചു കൊണ്ടിരിക്കുകയാണ്. സെപ്റ്റംബർ ഒന്നുമുതൽ ഒറ്റക്ക് തായ്വാനിലേക്ക് യാത്ര ചെയ്യുന്നതിന് പൗരന്മാർക്ക് ചൈന വിലക്കേർപ്പെടുത്തിയിരുന്നു. സ്വാതന്ത്ര്യത്തിനായുള്ള നീക്കം നടത്തിയാൽ യുദ്ധം ചെയ്യാൻ തങ്ങൾ സന്നദ്ധമാണെന്ന് ചൈന മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ തായ്വാന് സമീപം കടലിൽ ചൈന സൈനികാഭ്യാസം നടത്തിയിരുന്നു.