മരണസംഖ്യ കുറയുന്നു; എല്ലാം തിരിച്ചുപിടിക്കാൻ ചൈന
text_fieldsബെയ്ജിങ്: കോവിഡ് -19 വൈറസ് തകർത്ത സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള നീക്കങ്ങളുമായി ചൈന മുന്നോട്ട്. വുഹാനിൽ പുതുതായി വൈറസ് ബാധിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറയുകയും മറ്റു പ്രവിശ്യകളിൽ രോഗം കണ്ടെത്തുന്നവർ ഇതര രാജ്യങ്ങളിൽനിന്ന് വന്നവരായി മാറുകയും ചെയ്തതോടെയാണ് കോവിഡ് നിയന്ത്രണവിധേയമായി വരുന്നുവെന്ന പ്രതീക്ഷക്ക് ചിറകുവെക്കുന്നത്.
വൈറസ് ബാധ റിപ്പോർട്ട് ചെയ്തതോടെ രണ്ടു മാസത്തിനിടെ രാജ്യത്തുനിന്നുള്ള കയറ്റുമതി മന്ദഗതിയിലാണ്.
ആഗോളതലത്തിലുള്ള വ്യാപാരബന്ധങ്ങളെ രോഗം കാര്യമായി ബാധിച്ചിരുന്നു. 1990നുശേഷം ചൈന നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണിത്. ഇക്കഴിഞ്ഞ ജനുവരി-ഫെബ്രുവരി മാസങ്ങളിൽ വിദേശ രാജ്യങ്ങളിലേക്കുള്ള കപ്പൽ ചരക്കു ഗതാഗതം കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 17.2 ശതമാനം കുറഞ്ഞു. ഇറക്കുമതി നാലു ശതമാനത്തോളം ചുരുങ്ങി. എന്നാൽ, വൈറസ് ബാധ റിപ്പോർട്ട് ചെയ്തതു മുതൽ 15 ശതമാനത്തോളം ചുരുങ്ങുമെന്നു കരുതിയിടത്ത് ഇത് ആശ്വാസമാണെന്ന് അധികൃതർ പറയുന്നു. യു.എസുമായുള്ള വ്യാപാരയുദ്ധം അവസാനിച്ച ശേഷം കഴിഞ്ഞ ഡിസംബറിൽ ഇറക്കുമതി 16.5 ശതമാനമായി വർധിച്ചിരുന്നു.
ചൈനയിൽ മാത്രം വാഹന വിപണി 80 ശതമാനമാണ് ഇടിഞ്ഞത്. വാഹന ഗതാഗതം 85 ശതമാനം നഷ്ടമായി. 2019ൽ മാത്രം ചൈനയിൽനിന്ന് ലോക രാജ്യങ്ങളുടെ ഇറക്കുമതി 2.1 ലക്ഷം കോടിയായിരുന്നു. ലോകത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യത്തെ വിപണിയും തരിപ്പണമായി. കോവിഡ് ബാധയേറ്റ് 3000ത്തിലേറെ പേരാണ് ചൈനയിൽ മാത്രം മരിച്ചത്. 80,000 ആളുകളിൽ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുമുണ്ട്. അടുത്തിടെ ആദ്യമായി വൈറസ് കണ്ടെത്തിയവരുടെ എണ്ണം 100ന് താഴെയായി. ഹുബെ പ്രവിശ്യക്കു പുറത്ത് 25 പേരും.