19 ഭിന്നശേഷിക്കാരെ കൊന്നയാൾക്ക് വധശിക്ഷ
text_fields
യോകോഹാമ: അഭയകേന്ദ്രത്തിലെ അന്തേവാസികളായ 19 ഭിന്നശേഷിക്കാരെ കുത്തികൊലപ്പെടുത്തിയയാൾക്ക് ജപ്പാനിൽ വധശിക്ഷ. ടോക്യോക്ക് സമീപമുള്ള സഗമിഹര അഭയകേന്ദ്രത്തിലെ മുൻ ജീവനക്കാരനായ സതോഷി യുമാറ്റ്സു (30) ആണ് രാജ്യത്തെ ഞെട്ടിച്ച കൂട്ടക്കൊല നടത്തിയത്.
കുറ്റകൃത്യം ഇയാൾ നിഷേധിച്ചിരുന്നില്ല. മാനസിക വെല്ലുവിളി നേരിടുന്നവർക്ക് ജീവിക്കാൻ അർഹതയില്ലെന്നും സമൂഹത്തിനുവേണ്ടിയാണ് താനിത് ചെയ്തതെന്നും പിന്നീട് പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ ഇയാൾ പറഞ്ഞിരുന്നു.
അതേസമയം, കഞ്ചാവ് ഉപയോഗംമൂലം മാനസിക അസ്വാസ്ഥ്യമുള്ളപ്പോഴാണ് കൃത്യം നടത്തിയതെന്നും അതിനാൽ പ്രതി കുറ്റക്കാരനല്ലെന്നും ഇയാളുടെ വക്കീൽ വാദിച്ചിരുന്നു. ഇതു തള്ളിക്കളഞ്ഞ യോകോഹാമ ജില്ല കോടതി, തിങ്കളാഴ്ച പ്രതിക്ക് വധശിക്ഷ വിധിച്ചു. 2016 ജൂലൈ 26നായിരുന്നു സംഭവം.
