You are here
ബഗ്ദാദിയെ കടലിൽ അടക്കി –യു.എസ്
ബഗ്ദാദ്: ഐ.എസ് തലവൻ അബൂബക്കർ അൽബഗ്ദാദിയുടെ ശരീരാവശിഷ്ടങ്ങൾ കടലില്‍ മറവുചെയ്തതായി യു.എസ് സൈന്യം. 2011ൽ യു.എസ് സൈനികനടപടിയിലൂടെ കൊലപ്പെടുത്തിയ അൽഖാഇദ തലവൻ ഉസാമ ബിൻലാദിെൻറ മൃതദേഹവും കടലിൽ സംസ്കരിക്കുകയാണ് ചെയ്തതെന്നാണ് യു.എസ് അറിയിച്ചിരുന്നത്. ‘‘ബഗ്ദാദിയുടെ മൃതദേഹാവശിഷ്ടങ്ങൾ മറവുചെയ്തു. സൈന്യം അക്കാര്യം കൃത്യതയോടെ കൈകാര്യം ചെയ്തുവെന്നും’’ ജോയൻറ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ മാർക് മില്ലി വ്യക്തമാക്കി. സംയുക്ത നീക്കത്തിലൂടെ ഐ.എസിെൻറ വക്താവ് അബു അൽ ഹസൻ മുഹാജിറിനെ വധിച്ചതായും യു.എസ് അറിയിച്ചു.
രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ ഞായറാഴ്ച അർധരാത്രിയാണ് യു.എസ് പ്രത്യേക സംഘം ബഗ്ദാദിയെ പിടികൂടാനുള്ള ദൗത്യത്തിനായി സിറിയയിലെത്തിയത്. പിടിക്കപ്പെടാതിരിക്കാൻ സ്ഥിരമായി ഒളിത്താവളങ്ങൾ മാറുന്നതാണ് ബഗ്ദാദിയുടെ പതിവ്. ഇദ്ലിബിലെ ബാരിശയിൽ സേന എത്തിയതോടെ ബഗ്ദാദിയുടെ ഒളിത്താവളത്തിൽനിന്നു വെടിയുതിർന്നു. സേന തിരിച്ചടിച്ചു. അതിൽ, ഒമ്പത് ഐ.എസുകാരെങ്കിലും കൊല്ലപ്പെട്ടുകാണുമെന്നാണ് കണക്ക്. ബഗ്ദാദിയുടെ ഭാര്യമാരും ഇതിലുൾപ്പെടും. ഇവർ ചാവേറുകളായതാണോ എന്ന കാര്യം വ്യക്തമല്ല. ആക്രമണം കനത്തതോടെ ബഗ്ദാദി മൂന്നു കുട്ടികളെയും വലിച്ച് തുരങ്കത്തിൽ കയറുകയും സ്വയം പൊട്ടിത്തെറിക്കുകയുമായിരുന്നു.