യു.എസിന് ബദൽസൂചനകളുമായി ചൈന
text_fieldsബെയ്ജിങ്: വികസ്വരരാജ്യങ്ങളുടെ തലക്കുറി മാറ്റിമറിച്ചേക്കാവുന്നതെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബൃഹത്പദ്ധതിയുടെ പ്രഖ്യാപനംകുറിച്ച് ബെൽറ്റ്-റോഡ് ഉച്ചകോടി സമാപിച്ചു. ആഗോളവിപണിയുടെ നായകത്വം വരുന്ന കാലം യു.എസിനായിരിക്കില്ലെന്ന പരോക്ഷ മുന്നറിയിപ്പ് നൽകിയാണ് ഉച്ചകോടി സമാപിച്ചത്. അതിർത്തിവാദം തള്ളി ആഗോളീകരണം സ്വീകരിക്കാൻ സമാപനദിവസം ഉച്ചകോടിയെ അഭിസംബോധന ചെയ്ത ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് ലോകരാജ്യങ്ങളോട് ആഹ്വാനംചെയ്തു. ആഗോളവിപണി നേരിടുന്ന വെല്ലുവിളികളെ നേരിടാൻ ഒന്നിച്ചുനിൽക്കുക മാത്രമാണ് പോംവഴി.
വികസനം കൂടുതൽ അസന്തുലിതമായിരിക്കുന്നു. യുദ്ധം, ഭീകരവാദം, അഭയാർഥിപ്രവാഹം, കുടിയേറ്റം എന്നീ ഭീഷണികളും ലോകത്തെ അപകടത്തിലാക്കിയിരിക്കുന്നു. ഇൗ ഘട്ടത്തിൽ ഒരു രാജ്യത്തിനും സ്വന്തം കാര്യം പരിഹരിച്ച് പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയില്ലെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ നയങ്ങളെ നേർക്കുനേർ പരാമർശിക്കാതെ ഷി ജിൻപിങ് പറഞ്ഞു.
ദേശാടനപ്പക്ഷികൾക്ക് പ്രതികൂല സാഹചര്യങ്ങൾ അവഗണിച്ച് ദീർഘദൂരം താണ്ടാൻ കഴിയുന്നത് പരസ്പരം സഹായിച്ച് കൂട്ടമായി കഴിയുന്നതുകൊണ്ടാണെന്നും ഷി ജിൻപിങ് പറഞ്ഞു. വൺ ബെൽറ്റ് വൺ റോഡ് പദ്ധതിയെക്കുറിച്ച് പാശ്ചാത്യരാജ്യങ്ങൾ പുലർത്തുന്ന തെറ്റിദ്ധാരണകൾ ഒഴിവാക്കണമെന്നും ഷി ജിൻപിങ് പറഞ്ഞു.
അതിനിടെ, ബെൽറ്റ് ആൻഡ് റോഡ് പദ്ധതികളിൽ സ്വതന്ത്ര വ്യാപാരത്തിന് അനുമതിയില്ലെങ്കിൽ സംരംഭക കരാറിൽ ഒപ്പുവെക്കില്ലെന്ന് യൂറോപ്യൻ യൂനിയൻ അംഗരാജ്യങ്ങൾ സമാപനദിവസം പ്രഖ്യാപിച്ചത് ചൈനക്ക് ക്ഷീണം ചെയ്തു. സംഭവത്തിെൻറ അവസാന വിവരങ്ങൾ ലഭ്യമായിട്ടില്ല. റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിൻ, പാകിസ്താൻ പ്രധാനമന്ത്രി നവാസ് ശരീഫ്, തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ എന്നിവരടക്കം 29 രാഷ്ട്രനേതാക്കളും 130 രാജ്യങ്ങളുടെ പ്രതിനിധികളും ഉച്ചകോടിയിൽ പെങ്കടുത്തു.
വൺ ബെൽറ്റ് വൺ റോഡ് എന്നാൽ
നൂറ്റാണ്ടിെൻറ പദ്ധതിയെന്നാണ് വൺ ബെൽറ്റ് വൺ റോഡ് സംരംഭത്തെ ചൈന വിശേഷിപ്പിക്കുന്നത്. 900 ബില്യൺ യു.എസ് ഡോളറാണ് ഏഷ്യയിലും പുറത്തുമായി വ്യാപാരവും സാമ്പത്തികവളർച്ചയും ത്വരിതപ്പെടുത്തുക എന്ന ‘ആധുനിക പട്ടുപാത’ പദ്ധതിയുടെ പ്രതീക്ഷിത ചെലവ്. ഇതിനായി പദ്ധതിയുടെ ഭാഗമാവുന്ന രാജ്യങ്ങളിൽ പ്രതിവർഷം ഒമ്പതു ലക്ഷം കോടി രൂപ അടിസ്ഥാന സൗകര്യത്തിന് നിക്ഷേപിക്കുമെന്നാണ് ചൈന പ്രഖ്യാപിച്ചിരിക്കുന്നത്. സിൽക് റോഡ് സാമ്പത്തിക ഇടനാഴി, 21ാം നൂറ്റാണ്ടിലെ സമുദ്ര പട്ടുപാത എന്നിങ്ങനെ രണ്ട് ഇടനാഴികളാണ് ചൈന വിഭാവനം ചെയ്യുന്നത്.
ചൈനയുടെ നേതൃത്വത്തിലുള്ള നവകൊളോണിയലിസത്തിനുള്ള നീക്കമാണ് പദ്ധതിയെന്നാണ് വിമർശകരുടെ വാദം. ബെൽറ്റ് ആൻഡ് റോഡ് സംരംഭത്തിെൻറ അനുബന്ധമായ പാകിസ്താനിലേക്കുള്ള സാമ്പത്തിക ഇടനാഴി, പാക് അധീന കശ്മീരിലൂടെയാണ് പോകുന്നതെന്നതിനാൽ പദ്ധതിയെ ഇന്ത്യ എതിർക്കുകയാണ്. ഇന്ത്യ പദ്ധതിയുടെ ഭാഗമാകണമെന്നാണ് ചൈനയുടെ ആവശ്യം. ഇന്ത്യക്ക് യു.എസിനെ ആവശ്യമുള്ളതിനെക്കാൾ ചൈനക്ക് ഇന്ത്യ ആവശ്യമാണെന്നാണ് ചൈനീസ് പ്രസിഡൻറ് ഉച്ചകോടിയുടെ ആദ്യദിനം പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
