പാക് നിക്ഷേപക സംഗമത്തിൽ ബെല്ലി ഡാൻസ്; പുതിയ പാകിസ്താനെന്ന് വിമർശനം
text_fieldsഇസ്ലാമാബാദ്: പാകിസ്താൻ സംഘടിപ്പിച്ച നിക്ഷേപക സംഗമത്തിൽ വിനോദ പരിപാടിയായി ബെല്ലി ഡാൻസ് അവതരിപ്പിച്ചത് വിവാദത്തിൽ. പാകിസ്താൻ ശർഹദ് ചേംബർ ഓഫ് കൊമേഴ്സ് അസർബൈജാനിലെ ബാകുവിൽ നടത്തിയ നിക്ഷേപക സംഗമത്തിലാണ് ബെല്ലി നൃത്തം ഉൾപ്പെടുത്തിയത്. ഖൈബർ പഖ്തൂൺ ഖ്വ നിഷേപക അവസര ഉച്ചകോടി എന്ന പേരിൽ സെപ്തംബർ നാലു മുതൽ എട്ട് വരെയാണ് പരിപാടി നടന്നത്.
സമ്മേളനം നടന്നുകൊണ്ടിരിക്കവെ വേദിയിൽ നർത്തകിമാർ ബെല്ലി ഡാൻസ് കളിക്കുന്നതിെൻറ ദൃശ്യങ്ങൾ പാക് മാധ്യമപ്രവർത്തക ഗുൽ ബുഖരി ട്വിറ്ററിലൂടെ പുറത്തുവിട്ടു. ‘രാജ്യത്തെ ധനകാര്യ വിദഗ്ധർ പാകിസ്താൻ ഇൻവെസ്റ്റ്മെൻറ് പ്രമോഷൻ കോൺഫറൻസിൽ ബെല്ലി നർത്തകിമാരിലൂടെ നിക്ഷേപകരെ വശീകരിക്കാൻ ശ്രമിക്കുന്നു’ എന്ന അടികുറിപ്പോടെയാണ് ഗുൽ വിഡിയോ പുറത്തുവിട്ടത്. വിഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുകയും നിരവധിപേർ വിമർശനവുമായി രംഗത്തെത്തുകയും ചെയ്തു.
കൂടുതൽ നിക്ഷേപകരെ രാജ്യത്ത് എത്തിക്കുന്നതിന് ബെല്ലി ഡാൻസ് അല്ലാതെ പാക് സർക്കാർ ഒന്നും െചയ്തില്ലെന്നും ആരോപണമുയർന്നിട്ടുണ്ട്. കഴിഞ്ഞ മുപ്പത് വർഷത്തിനിടയിലെ പാകിസ്താനിൽ ഏറ്റവും രൂക്ഷമായ ധനകമ്മിയാണ് 2018-19ൽ രേഖപ്പെടുത്തിയത്.