കഴുത്തിൽ ടയർ കുടുങ്ങിയ മുതലക്ക്​ ആസ്​ട്രേലിയയിൽനിന്ന്​ രക്ഷകനെത്തി

15:58 PM
14/02/2020

കഴുത്തിൽ ടയർ കുടുങ്ങി ശ്വാസമെടുക്കാൻ പ്രയാ​സപ്പെടുന്ന ഇന്തോനേഷ്യയിലെ മുതലയെ രക്ഷിക്കാൻ ആസ്​ട്രേലിയയിൽനിന്ന്​ മാറ്റ്​ റൈറ്റെത്തി. നാഷണൽ ജിയോഗ്രാഫിക്​സ്​ ചാനലിൽ ‘മോൺസ്​റ്റർ ​ക്രോക്​ റാങ്ക്​ളർ’ എന്ന ഷോയുടെ അവതാരകൻ മാറ്റ്​ റൈറ്റാണ്​ വമ്പൻ സന്നാഹങ്ങളുമായി മുതലയെ രക്ഷിക്കാൻ ഇന്തോനേഷ്യയിലെ പാലുവിലെത്തിയത്​. ബൈക്കിൻെറ ടയർ വർഷങ്ങൾക്ക്​ മുമ്പ്​ കഴുത്തിൽ കുടുങ്ങിയതാണെങ്കിലും അടുത്തിടെ മുതല ശ്വാസമെടുക്കാൻ പോലും പ്രയാസപ്പെടുന്നതിൻെറ വിഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഇന്തോനേഷ്യൻ അധികൃതർ ടയർ നീക്കംചെയ്യുന്നവർക്ക്​ വമ്പൻ ഇനാം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, സാധാരണക്കാർ സാഹസത്തിന്​ മുതിരരുതെന്നും മുതല പിടുത്തക്കാരെയാണ്​ ക്ഷണിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.

ലോകത്ത്​ ലക്ഷക്കണക്കിന്​ പ്രേക്ഷരുള്ള മാറ്റ്​ റൈറ്റ്​ ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ കഴിഞ്ഞ ദിവസം സഹായികളുമായെത്തി. താറാവിനെ ഇരയാക്കിയ കെണി, ചൂണ്ട തുടങ്ങിയ സംവിധാനങ്ങളും മുതലയെ പിടികൂടാൻ തയാറാക്കിയിട്ടുണ്ട്​. പിടികൂടിയ ശേഷം ടയർ നീക്കംചെയ്യാനാണ്​ പദ്ധതി. 

ഇൻസ്​റ്റഗ്രാമിൽ രണ്ട്​ ലക്ഷം പേർ പിന്തുടരുന്ന ഈ അവതാരകൻ റിഹേഴ്​സൽ എന്ന നിലക്ക്​ കഴിഞ്ഞ ദിവസം ചെറിയ മുതലയെ പിടികൂടി. എന്നാൽ, ടയർ കുരുങ്ങിയ വലിയ മുതലയെ പിടികൂടൽ കനത്ത വെല്ലുവിളിയാണെന്നാണ്​ അദ്ദേഹം പറയുന്നത്​. കാലാവസ്​ഥയാണ്​ പ്രധാന തടസ്സം. കായലിൽ ധാരാളം ഭക്ഷണം മുതലക്ക്​ ലഭ്യമാവുന്നതിനാൽ വിശക്കുന്ന അവസ്​ഥയിലായിരിക്കില്ലെന്നതാണ്​ മ​റ്റൊരു പ്രശ്​നം. ഒന്നു രണ്ട്​ ദിവസംകൊണ്ട്​ പിടികൂടാൻ കഴിഞ്ഞില്ലെങ്കിലും പതുക്കെ ഞങ്ങൾ മുതലയെ പിടികൂടുമെന്ന്​ അദ്ദേഹം പറഞ്ഞു. ആസ്​ട്രേലിയയിൽനിന്നുതന്നെയുള്ള മുതല പിടുത്തക്കാരൻ ക്രിസ്​ വിൽസൺ കൂടെയുണ്ട്​. 

Loading...
COMMENTS