ലാഹോർ: പാകിസ്താനിൽ മതനിന്ദ കുറ്റമാരോപിച്ച് വധശിക്ഷക്ക് വിധിക്കപ്പെട്ട ക്രിസ്ത്യൻ വനിത ആസിയ ബീബിയെ സുപ്രീംകോടതി കുറ്റമുക്തയാക്കിയതിനെ തുടർന്ന് ജയിൽ മോചിതയായി. എട്ടു വർഷമായി മുൾട്ടാനിലെ വനിതകൾക്കായുള്ള ജയിലിൽ ഏകാന്ത തടവിൽ കഴിയുകയായിരുന്ന ആസിയയെ ബുധനാഴ്ച വൈകിട്ടാണ് പുറത്തിറക്കിയത്. ശേഷം ഇവരെ റാവൽ പിണ്ടിയിലെ നുർ ഖാൻ എയർബേസിലേക്ക് കൊണ്ടുപോയി. അവിടെ നിന്നും പ്രത്യേകം ചാർട്ട് ചെയ്ത വിമാനത്തിൽ നെതർലാൻഡിലേക്ക് കടത്തിയതായി പാക് സ്വകാര്യ ചാനൽ റിപ്പോർട്ട് ചെയ്തു. എന്നാൽ വിഷയത്തിൽ പഞ്ചാബ് സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
2010ലാണ് നാലു മക്കളുടെ അമ്മയായ ആസിയയെ ലാഹോർ കോടതി വധശിക്ഷക്കു വിധിച്ചത്. ഒക്ടോബർ 31 ന് സുപ്രീംകോടതി ആസിയയുടെ വധശിക്ഷ ഒഴിവാക്കിയിരുന്നു. തുടർന്ന് ജയിൽ മോചിതയായാൽ രാജ്യം വിടാൻ അനുവദിക്കണമെന്ന് ആസിയയുടെ ഭർത്താവ് ആഷിക് മസീഖ് അപേക്ഷിച്ചിരുന്നു. അഭയം ആവശ്യപ്പെട്ട് യു.എസ്, കാനഡ, യു.കെ തുടങ്ങിയ രാജ്യങ്ങളുടെ തലവൻമാരുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു.
സുപ്രീംകോടതി വിധിക്കെതിരെ രാജ്യത്ത് വിവിധ സംഘടനകൾ തെരുവിലിറങ്ങിയ സാഹചര്യത്തിൽ ആസിയ ബീബിക്ക് വേണ്ടി സുപ്രീംകോടതിയിൽ ഹാജരായ അഭിഭാഷകൻ സൈഫുൽ മലൂക്കും രാജ്യംവിട്ടിരുന്നു.