ഫലസ്തീന് പിന്തുണയുമായി യു.എന്‍, അറബ് ലീഗ് സംയുക്ത പ്രസ്താവന

00:14 AM
18/02/2017

കൈറോ: ഫലസ്തീന്‍ വിഷയത്തില്‍ ദ്വിരാഷ്ട്ര ഫോര്‍മുലയില്‍നിന്ന് പിന്നോട്ടുപോകുന്ന അമേരിക്കന്‍ നിലപാട് വന്നതിനു പിന്നാലെ എതിര്‍പ്പുമായി ഐക്യരാഷ്ട്ര സഭയും അറബ് ലീഗും. ഡോണള്‍ഡ് ട്രംപിന്‍െറ നിലപാടിനെതിരെ നേരത്തേ എതിര്‍പ്പുമായി യു.എന്‍ സെക്രട്ടറി ജനറല്‍ അന്‍േറാണിയോ ഗുട്ടെറസ് പ്രസ്താവന നടത്തിയിരുന്നു.
ഇതിനു പുറമെയാണ് കഴിഞ്ഞ ദിവസം വിഷയത്തില്‍ ഫലസ്തീന്‍ രാഷ്ട്രനിര്‍മാണമെന്ന നിലപാടിന് പിന്തുണയറിയിച്ച് യു.എന്നും അറബ് ലീഗും സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. ഈജിപ്തില്‍ സന്ദര്‍ശനം നടത്തുന്ന അന്‍േറാണിയോ ഗുട്ടെറസ് അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹ്മദ് അബുല്‍ ഗൈത്വുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പ്രസ്താവന പുറത്തിറക്കിയത്.
നിലവില്‍ പ്രദേശത്ത് സമാധാനത്തിന് ദ്വിരാഷ്ട്രം എന്നതല്ലാത്ത മറ്റൊരു പരിഹാരമാര്‍ഗവുമില്ളെന്ന് ഇരുനേതാക്കളും പറഞ്ഞു. ട്രംപ് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷമാണ് അമേരിക്കയുടെ മുന്‍നിലപാടില്‍നിന്ന് പിന്മാറുന്നതായി സൂചന നല്‍കിയത്. സമാധാനം കൈവരുന്നതിന് ഫലസ്തീന്‍ രാഷ്ട്രം ആവശ്യമില്ളെന്നാണ് ട്രംപ് ഭരണകൂടത്തിന്‍െറ നിലപാട്.
അതിനിടെ, അമേരിക്കന്‍ എംബസി തെല്‍ അവീവില്‍നിന്ന് ജറുസലമിലേക്ക് മാറ്റാനുള്ള ട്രംപിന്‍െറ നീക്കം പശ്ചിമേഷ്യയില്‍ സ്ഫോടനാത്മകമായ അന്തരീക്ഷം സൃഷ്ടിക്കുമെന്ന് അറബ് ലീഗ് മറ്റൊരു പ്രസ്താവനയില്‍ പറഞ്ഞു.
ഇസ്രായേലും ഫലസ്തീനും തലസ്ഥാനമായി കാണുന്ന ജറുസലമിലേക്ക് എംബസി മാറ്റുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്.
ഇതിനുള്ള നീക്കം നേരത്തേതന്നെ വന്‍ വിമര്‍ശം വിളിച്ചുവരുത്തിയിരുന്നു. ട്രംപിന്‍െറ പുതിയ നീക്കത്തിനെതിരെ ഗസ്സയുടെ നിയന്ത്രണമുള്ള ഹമാസും രംഗത്തുവന്നു. അമേരിക്ക എക്കാലവും ഇസ്രായേല്‍ ചായ്വാണ് പുലര്‍ത്തിയിരുന്നതെന്നും ഒരിക്കലും ഫലസ്തീനികളുടെ അവകാശത്തോടൊപ്പം നിലയുറപ്പിച്ചിട്ടില്ളെന്നും ഹമാസ് വക്താവ് ഹാസിം ഖാസിം പറഞ്ഞു.

Loading...
COMMENTS