Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഎന്നിട്ടും...

എന്നിട്ടും അലപ്പോയില്‍ വെടിയൊച്ച...

text_fields
bookmark_border
എന്നിട്ടും അലപ്പോയില്‍ വെടിയൊച്ച...
cancel

ഡമസ്കസ്: കിഴക്കന്‍ അലപ്പോയുടെ നിയന്ത്രണം പൂര്‍ണമായി ഏറ്റെടുത്തശേഷവും  വെടിനിര്‍ത്തല്‍ ധാരണ വകവെക്കാതെ സിറിയന്‍ സൈന്യം ആക്രമണം തുടരുന്നു. ഷെല്ലുകളില്‍നിന്ന് അഭയം തേടി സിവിലിയന്മാര്‍ തെരുവുകളിലൂടെ ഓടുന്ന കാഴ്ച ഹൃദയഭേദകമെന്ന് നിരീക്ഷകസംഘം വിവരിച്ചു. ആക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. സര്‍ക്കാര്‍ അധീന മേഖലകളില്‍ വിമത സൈന്യവും തിരിച്ചടിക്കുന്നുണ്ട്. ഈ മേഖലകളില്‍ നടന്ന ആക്രമണങ്ങളില്‍ ആറുപേരും മരിച്ചു.

ചൊവ്വാഴ്ച രാത്രിയോടെയാണ് പരിക്കേറ്റ സിവിലിയന്മാരെയും വിമതരെയും ഒഴിപ്പിക്കുന്നതിനായി തുര്‍ക്കിയും റഷ്യയും താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. വിമതരും കരാര്‍ പിന്തുണച്ചു. എന്നാല്‍, കരാര്‍ ലംഘിച്ചുവെന്ന് ആരോപിച്ച് വിമതരെ ലക്ഷ്യം വെച്ച് ബുധനാഴ്ച രാവിലെയോടെ സിറിയന്‍ സൈന്യം ആക്രമണം പുനരാരംഭിക്കുകയായിരുന്നു.

മണിക്കൂറുകളോളം ആക്രമണം നീണ്ടു. അതോടെ  മേഖലയില്‍നിന്ന് വിമതരെയും സിവിലിയന്മാരെയും ഒഴിപ്പിക്കുന്നതിന് തടസ്സം നേരിട്ടു. സര്‍ക്കാറുമുണ്ടാക്കിയ ധാരണപ്രകാരം  ആളുകളെ കയറ്റാനായി ബസുകള്‍ എത്തിയിരുന്നു. ആക്രമണം പുനരാരംഭിച്ചതോടെ ആര്‍ക്കും മേഖല വിട്ടുപോകാന്‍ കഴിഞ്ഞിട്ടില്ളെന്ന് മനുഷ്യാവകാശ നിരീക്ഷക സംഘങ്ങള്‍ റിപ്പോര്‍ട്ട്ചെയ്തു.
 
സര്‍ക്കാര്‍ അനുകൂല ശിയ മിലിഷ്യകള്‍ ആളുകള്‍ ഒഴിഞ്ഞുപോകുന്നതിന് തടസ്സം നില്‍ക്കുകയാണെന്ന് വിമതകേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.  എന്നാല്‍, കരാറിന്‍െറ ഭാഗമായി 6000ത്തോളം സിവിലിയന്മാരെ കിഴക്കന്‍ അലപ്പോയില്‍നിന്ന് ഒഴിപ്പിച്ചതായി റഷ്യ വ്യക്തമാക്കി. 366 വിമതര്‍ ആയുധം വെച്ച് കീഴടങ്ങിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

അമ്പതിനായിരത്തിനും ലക്ഷത്തിനുമിടയില്‍ ആളുകള്‍  കിഴക്കന്‍ അലപ്പോയില്‍ കുടുങ്ങിക്കിടക്കുകയാണ്. ദിവസങ്ങള്‍ നീണ്ട രക്തരൂഷിത പോരാട്ടത്തിനൊടുവിലാണ് ചൊവ്വാഴ്ച അര്‍ധരാത്രിയോടെ അലപ്പോയുടെ നിയന്ത്രണം സൈന്യം പിടിച്ചെടുത്തത്. ഇക്കാര്യം യു.എന്നിലെ റഷ്യന്‍ അംബാസഡര്‍ വൈറ്റ്ലി ചര്‍കിനും ശരിവെച്ചു.  
 
ആറാം വര്‍ഷത്തിലേക്കു കടന്ന സിറിയയിലെ ആഭ്യന്തരയുദ്ധം അലപ്പോയിലെ വിജയത്തിനുശേഷം അവസാനിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. ആറുവര്‍ഷമായി സിറിയന്‍ ജനത അനുഭവിക്കുന്ന മാനുഷിക ദുരന്തത്തില്‍ ഒരു വഴിത്തിരിവായിരിക്കും അലപ്പോയില്‍ വിമതരുടെ പരാജയം. പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദിന്‍െറ വക്താക്കളില്‍ ചിലര്‍ ഇത് യുദ്ധത്തിന്‍െറ അവസാനമായിരിക്കുമെന്ന് വിലയിരുത്തുമ്പോള്‍ അങ്ങനെയല്ല, അവസാനിക്കുന്നതിലേക്കുള്ള ചുവടുവെപ്പ് മാത്രമാണെന്നാണ് മറ്റു ചിലരുടെ പറയുന്നു. സിറിയയുടെ എല്ലാ ഭാഗങ്ങളും പിടിച്ചെടുത്ത ശേഷമായിരിക്കും ബശ്ശാര്‍ യുദ്ധം അവസാനിപ്പിക്കുക. അലപ്പോ പിടിച്ചെടുത്തതിനു ശേഷവും ഷെല്ലാക്രമണം തുടരുന്നത് അതിന്‍െറ സൂചനയാണ്.

സര്‍ക്കാറിന്‍െറ പ്രധാനസഖ്യകക്ഷികളായ റഷ്യയും ഇറാനും ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വെടിനിര്‍ത്തല്‍ ഉടമ്പടികളോട് താല്‍പര്യം കാണിക്കുന്നില്ല. ഈ സഖ്യചേരികളുടെ ഇടപെടലുകളാണ് ആക്രമണം മുന്നോട്ടുകൊണ്ടുപോവാന്‍ ബശ്ശാറിന് കരുത്തു പകരുന്നതും.
 സിറിയയില്‍ രാഷ്ട്രീയപരിഹാരമാണ് ബശ്ശാര്‍ ഉദ്ദേശിച്ചിരുന്നതെങ്കില്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ അതാകാമായിരുന്നു.
ഒരു തരത്തിലുള്ള ഒത്തുതീര്‍പ്പിനും വഴങ്ങാതെ കൂട്ടനശീകരണമാണ് ഭരണാധികാരിയുടെ ലക്ഷ്യമെന്നാണ് വിലയിരുത്തല്‍.

 

Show Full Article
TAGS:aleppo battle 
News Summary - aleppo battle
Next Story