അഫ്ഗാനിൽ ശാശ്വത വെടിനിർത്തൽ ആഹ്വാനവുമായി ഉച്ചകോടി
text_fieldsകാബൂൾ: അഫ്ഗാനിസ്താനിൽ ശാശ്വത വെടിനിർത്തലിന് ആഹ്വാനം ചെയ്ത് കാബൂളിൽ നടന്ന സമാധാന ഉച്ചകോടി സമാപിച്ചു. ശാശ്വത വെടിനിർത്തലിനായുള്ള ആഹ്വാനം തള്ളിക്കളയില്ലെന്ന് പ്രസിഡൻറ് അഷ്റഫ് ഗനി പറഞ്ഞു.
3200 മതനേതാക്കളും ഗോത്രവർഗ തലവൻമാരുമാണ് ലോയ ജിർഗ എന്നറിയപ്പെട്ട സമ്മേളനത്തിൽ സംബന്ധിച്ചത്. രാജ്യത്തെ സംഘർഷത്തിന് പരിഹാരം തേടിയായിരുന്നു ഇവരുടെ സമ്മേളനം. റമദാൻ മാസം തുടങ്ങുന്നതോടെ താലിബാനും സർക്കാറും വെടിനിർത്തൽ നടപ്പാക്കണമെന്നാണ് ആവശ്യം. അതു റമദാൻ കഴിഞ്ഞാലും തുടരണം.
സർക്കാർ വെടിനിർത്തലിനായി ആത്മാർഥമായി ആഗ്രഹിക്കുന്നുണ്ടെന്നും എന്നാൽ, ഒരു കക്ഷി വിചാരിച്ചതുകൊണ്ടുമാത്രം സാധിക്കില്ലെന്നും ഗനി വ്യക്തമാക്കി. താലിബാൻ മുന്നോട്ടുവന്നാൽ തീർച്ചയായും രാജ്യത്ത് ശാശ്വത വെടിനിർത്തൽ ഉണ്ടാകുമെന്നും കൂട്ടിച്ചേർത്തു. ഇക്കാര്യത്തിൽ താലിബാൻ പ്രതികരിച്ചിട്ടില്ല.