ഉയിഗൂർ മുസ്ലിംകൾക്കുനേരെ പട്ടാളമുറ; തെളിവുകൾ പുറത്ത്
text_fieldsബെയ്ജിങ്: വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്ന മറവിൽ ചൈന ഉയിഗൂർ വംശജരെ ‘വരുതിയിൽ ആക്കാൻ’ മാരകായുധങ്ങൾ ഉപേയാഗിച്ച് പീഡിപ്പിക്കുന്ന കേന്ദ്രങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്ത്. ആധുനിക വിദ്യാഭ്യാസ രീതി പിന്തുടരുന്ന, പഠിതാക്കൾക്ക് തൊഴിൽ പരിശീലനം നൽകുന്ന ‘വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളുകൾ’ ആണ് പുറംകാഴ്ചയിൽ ഇൗ ദണ്ഡന കേന്ദ്രങ്ങൾ. ചൈനീസ് ഭാഷയിലെ ‘മാൻഡരിൽ സ്റ്റാൻഡേഡി’ൽ ഉള്ള വിവിധ വിഷയങ്ങളാണ് ഇവിടെ പഠിപ്പിക്കുന്നതെന്ന് പറയപ്പെടുന്നു.
പഠിതാക്കൾ ഏറെ സന്തോഷമുള്ള അന്തരീക്ഷത്തിൽ ആണെന്നും കായിക വിനോദങ്ങൾക്കടക്കം സൗകര്യം ഉണ്ടെന്നുമാണ് ചൈനീസ് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്നത്. എന്നാൽ, സ്കൂളുകളിലേക്കായി തദ്ദേശ ഭരണകൂടം വാങ്ങിക്കൂട്ടിയ സാധനങ്ങളുടെ പട്ടികയിൽനിന്നാണ് ക്രൂര പീഡനങ്ങളുടെ ചിത്രം വെളിപ്പെട്ടത്. 2768 പൊലീസ് ബാറ്റണുകൾ, 550 ഷോക്കടിപ്പിക്കുന്ന വടികൾ, 1367 കൈവിലങ്ങുകൾ, കുരുമുളക് സ്പ്രേയുടെ 2792 കന്നാസുകൾ തുടങ്ങിയവയായിരുന്നു അത്. ഇൗ കാര്യങ്ങൾ മനുഷ്യാവകാശ പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
അതേസമയം, രാജ്യത്തെ വിഘടനവാദവും അക്രമവും മതതീവ്രവാദവും പ്രതിരോധിക്കുന്നത് ലക്ഷ്യമിട്ട് അവർക്ക് സൗജന്യ വിദ്യാഭ്യാസവും തൊഴിൽ പരിശീലനവും ലഭ്യമാക്കാൻ ഉള്ള കേന്ദ്രങ്ങൾ ആണെന്നാണ് ചൈനയുടെ വാദം.
എന്നാൽ, 1500ഒാളം സർക്കാർ രേഖകൾ പരിശോധിച്ചതിൽനിന്ന് ഇവ സ്കൂളുകളെക്കാൾ ജയിലുകൾ ആണെന്ന് മനുഷ്യാവകാശ ഏജൻസികൾക്ക് വ്യക്തമായി. ‘‘സ്കൂളിലെന്നപോലെ പഠിപ്പിക്കുക. സൈന്യത്തിലെന്നപോലെ പെരുമാറുകയും തടവറയിൽ എന്നപോലെ ഞെരുക്കുകയും ചെയ്യുക’’ എന്നായിരുന്നു ഇൗ കേന്ദ്ര ങ്ങൾക്ക് സിൻജ്യങ്ങിലെ പാർട്ടി സെക്രട്ടറിയായ ചെൻ ക്വാങ്ഗൂവിെൻറ നിർദേശം. ‘‘മുന്തിയതരം ചൈനീസ് പൗരന്മാരെ നിർമിക്കുക, അതിനായി അവരുടെ പൈതൃകത്തെയും പാരമ്പര്യത്തെയും ബന്ധങ്ങളെയും തകർക്കുക’’ എന്നും നിർദേശങ്ങളിൽ ഉണ്ട്. ടിയർ ഗ്യാസ്, തോക്കുകൾ, ഷോക്കടിപ്പിക്കുന്ന യന്ത്രങ്ങൾ, ഇരുമ്പുശൂലം തുടങ്ങിയ മാരകായുധങ്ങളുമായി ആയിരക്കണക്കിന് കാവൽഭടന്മാരാണ് കേന്ദ്രങ്ങളിൽ നിലയുറപ്പിച്ചിരിക്കുന്നത്. റേസർ വയറുകൾ, ഇൻഫ്രാറെഡ് കാമറകൾ തുടങ്ങിയവ ഉപയോഗിച്ച് കർശന സുരക്ഷയാണ് ഒരുക്കിയത്.
ഇത്തരത്തിലുള്ള 181 കേന്ദ്രങ്ങൾ സിൻജ്യങ്ങിൽ ഉള്ളതായി റിപ്പോർട്ടുകൾ പറയുന്നു. മത തീവ്രവാദം നേരിടുന്നതിനെന്ന പേരിൽ 2014ൽ ആണത്രെ ആദ്യമായി കേന്ദ്രം ആരംഭിച്ചത്. 2017ൽ ഇതിെൻറ തുടർ നിർമാണങ്ങൾക്ക് വേഗം കൂടി. ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ചൈനീസ് അധികൃതർ നിഷേധിച്ചിട്ടുണ്ടെങ്കിലും അന്താരാഷ്ട്രതലത്തിൽ ഉയരുന്ന വിമർശനം കമ്യൂണിസ്റ്റ് ചൈനയെ സമ്മർദത്തിലാക്കുമെന്ന് പറയപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
