ആസ്ട്രേലിയയിൽ അഞ്ച് ദിവസത്തിനിടെ വെടിവെച്ച് കൊന്നത് 5000 ഒട്ടകങ്ങളെ 

18:15 PM
14/01/2020

സിഡ്നി: കാട്ടുതീ കനത്ത നാശം വിതച്ച ആസ്ട്രേലിയയിൽ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ വനാതിർത്തി മേഖലകളിൽ വെടിവെച്ച് കൊന്നത് 5000 ഒട്ടകങ്ങളെ. കടുത്ത ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ കുടിവെള്ള സ്രോതസുകൾ ഒട്ടകങ്ങൾ കുടിച്ചുവറ്റിക്കുന്നതും കൃഷിയിടങ്ങൾ നശിപ്പിക്കുന്നതും ഏറെ പ്രതിസന്ധി സൃഷ്ടിച്ചതോടെയാണ് ഒട്ടകങ്ങളെ കൊല്ലാൻ അധികൃതർ തീരുമാനമെടുത്തത്. ഹെലികോപ്ടറിലെത്തുന്ന ഷാർപ് ഷൂട്ടർമാരാണ് ഒട്ടകങ്ങളെ വെടിവെച്ച് കൊല്ലുന്നത്. 

തീപിടിത്തവും വരൾച്ചയും രൂക്ഷമായ ആസ്ട്രേലിയയിൽ ഒട്ടകങ്ങൾ ഏറെ വെല്ലുവിളി ഉയർത്തുന്നതായാണ് അധികൃതർ വിശദീകരിക്കുന്നത്. ഒട്ടകങ്ങൾ കൂട്ടമായി വനത്തോട് ചേർന്ന ഗ്രാമപ്രദേശത്തേക്ക് എത്തുകയാണ്. കുടിവെള്ള സ്രോതസുകൾ കുടിച്ചുവറ്റിക്കുന്നത് കൂടാതെ മലിനമാക്കുകയും ചെയ്യുന്നുണ്ട്. കൃഷിയിടങ്ങളും മറ്റ് പച്ചപ്പുകളുമെല്ലാം ഒട്ടകക്കൂട്ടം തിന്നുതീർക്കുന്നതും നടപടിക്ക് കാരണമായി. 

ജന്തുസ്നേഹികളുടെ ആശങ്കകൾ തങ്ങൾ മനസിലാക്കുന്നുണ്ടെന്നും എന്നാൽ ഇതല്ലാതെ മറ്റ് മാർഗമില്ലെന്നും അധികൃതർ വിശദീകരിക്കുന്നു. ഏറെ നീളുന്ന വരണ്ട കാലാവസ്ഥ തദ്ദേശീയരായ മൃഗങ്ങൾക്ക് അതിജീവിക്കാൻ കഴിയുമെന്നും പുറത്തു നിന്ന് എത്തിച്ച ജീവിവർഗമായ ഒട്ടകങ്ങൾക്ക് അതിജീവനം പ്രയാസമാകുമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. 

ഒട്ടകങ്ങളെ കൊല്ലാനുള്ള തീരുമാനത്തിന് ആദിവാസി സമൂഹത്തിന്‍റെ സമ്മതം സർക്കാർ തേടിയിരുന്നു. ആസ്ട്രേലിയയിലെ തദ്ദേശീയ മൃഗമല്ലാത്ത ഒട്ടകങ്ങളെ 1840കളിലാണ് വൻകരയിലേക്ക് എത്തിക്കാൻ തുടങ്ങിയത്. നിലവിൽ 10 ലക്ഷത്തോളം ഒട്ടകങ്ങൾ ആസ്ട്രേലിയൻ വനങ്ങളിൽ ഉണ്ടെന്നാണ് കണക്കാക്കുന്നത്. 

വന്യ ഒട്ടകങ്ങൾ ലോകത്ത് ഏറ്റവും കൂടുതലുള്ള രാജ്യമാണ് ആസ്ട്രേലിയ. ഇവയുടെ എണ്ണം നിയന്ത്രിക്കാനായി വർഷാവർഷം നിശ്ചിത എണ്ണത്തെ കൊന്നൊടുക്കാറുണ്ട്. 10 ദശലക്ഷം യു.എസ് ഡോളറിന്‍റെ നാശനഷ്ടം ഒട്ടകങ്ങൾ വർഷാവർഷം വരുത്തുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്. 

Loading...
COMMENTS