ഒബാമക്ക് നേരെ അസഭ്യ പരാമർശം: ഫിലിപ്പീൻസ് പ്രസിഡന്‍റ് ഖേദം പ്രകടിപ്പിച്ചു
text_fieldsദാവോ: ഒബാമക്ക് നേരെ അസഭ്യ പരാമർശം നടത്തിയത് വിവാദമായതിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് ഫിലിപ്പീൻസ് പ്രസിഡന്‍റ് റോഡ്രിഗോ ഡ്യൂടേർട്. സംഭവം വിവാദമായതിനെ തുടർന്ന് ഒബാമ ഫിലിപ്പീൻസ് പ്രസിഡന്‍റുമായി നടത്താൻ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച റദ്ദാക്കിയിരുന്നു.
മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കിടെ പെട്ടെന്നുണ്ടായ പ്രതികരണമായിരുന്നു അത്. യു.എസ് പ്രസിഡന്‍റിനെ വ്യക്തിപരമായി ആക്രമിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഫിലിപ്പീൻസ് പ്രസിഡന്‍റ് പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.
ഫിലിപ്പീന്‍സിലെ മനുഷ്യാവകാശ ലംഘനങ്ങളെപ്പറ്റിയുള്ള ഒബാമയുടെ പ്രസംഗം കേട്ടിരിക്കാന്‍ തന്നെ കിട്ടില്ലെന്ന് പറഞ്ഞായിരുന്നു പ്രസിഡന്‍റിന്‍റെ അസഭ്യ പ്രയോഗം. ആസിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ലാവോസിലേക്ക് തിരിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ഡ്യൂട്ടേര്‍ട്ടിന്‍റെ വിവാദ പരാമര്‍ശം. ഉച്ചകോടിക്കിടെയാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്നത്.
ഡ്യൂടേർട് മേയിൽ അധികാരത്തിലേറിയ ശേഷം ലഹരിമരുന്നു മാഫിയയെ അമർച്ച ചെയ്യുന്നതിന്‍റെ ഭാഗമായി രണ്ടായിരത്തിനാനൂറോളം
പേരെ വധിച്ചിരുന്നു. ഇക്കാര്യത്തെപ്പറ്റി ചോദ്യമുയരാൻ സാധ്യതയുണ്ടെന്ന സൂചനയാണ് ഡ്യൂടേർടിനെ പ്രകോപിതനാക്കിയത്.