Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസിറിയയിലെ അശാന്തി...

സിറിയയിലെ അശാന്തി തുര്‍ക്കി വഴി പരിഹരിക്കണം

text_fields
bookmark_border
സിറിയയിലെ അശാന്തി തുര്‍ക്കി വഴി പരിഹരിക്കണം
cancel

ഡമസ്കസ്: സിറിയയില്‍ നയതന്ത്രജ്ഞത വഴിമുട്ടിയിരിക്കയാണെന്ന വാദം ശരിയല്ല. അലപ്പോയിലെ ജനജീവിത ദുരിതത്തിന് അറുതിവരുത്താനുള്ള പോംവഴി ബശ്ശാറിന്‍െറ പടക്ക് വിജയിക്കാന്‍ അവസരം നല്‍കുകയാണെന്ന വാദത്തിലും കഴമ്പില്ല. സിറിയയിലെ പ്രതിസന്ധി ദൂരീകരിക്കാന്‍ അയല്‍രാജ്യങ്ങളെ കൂട്ടുപിടിച്ചു നടത്തേണ്ട നയതന്ത്ര നീക്കം വേണ്ട അളവില്‍ നടന്നില്ല എന്നതാണ് യാഥാര്‍ഥ്യം. 2012 -2014 കാലത്ത് സിറിയക്കകത്ത് ഒരു സംരക്ഷിത മേഖല സ്ഥാപിക്കാമെന്ന ഫോര്‍മുല തുര്‍ക്കി അവതരിപ്പിച്ചിരുന്നു. അഭയാര്‍ഥികള്‍ക്ക് അനുഗ്രഹമാകുമായിരുന്ന ഈ നിര്‍ദേശത്തിന് പക്ഷേ, നാറ്റോയുടെ പിന്തുണ ലഭ്യമായില്ല. സിറിയയിലെ അതിര്‍ത്തിയില്‍ വന്‍തോതില്‍ സേനാവിന്യാസം നടത്തുന്ന രീതിയോട്  തുര്‍ക്കിക്ക് വേണ്ടത്ര യോജിപ്പുണ്ടായിരുന്നില്ല.ബശ്ശാറിനെ സംരക്ഷിക്കാന്‍ റഷ്യന്‍ സേന എത്തിയതോടെയാണ് സിറിയയിലെ പദ്ധതികള്‍ പലതും തകിടം മറിഞ്ഞത്. അതിര്‍ത്തി ലംഘിച്ച ഒരു റഷ്യന്‍ പോര്‍ വിമാനത്തെ വീഴ്ത്താന്‍വരെ തുര്‍ക്കി നിര്‍ബന്ധിതമായി.

സൈനിക  ആക്രമണരീതികളുടെ പേരില്‍ നാറ്റോയോടും അഭയാര്‍ഥി പ്രശ്നത്തില്‍ യൂറോപ്പിനോടും ഇടയാനും തുര്‍ക്കി നിര്‍ബന്ധിതമായി. എന്നാല്‍, തര്‍ക്കങ്ങള്‍ അവസാനിപ്പിച്ച് റഷ്യയുമായി വീണ്ടും അടുപ്പം സ്ഥാപിക്കുന്നതില്‍ തുര്‍ക്കി ഇപ്പോള്‍ വിജയിച്ചിരിക്കുന്നു. റഷ്യക്ക് പുറമെ ഇറാനിയന്‍ സേനയും ലബനാനിലെ ഹിസ്ബുല്ല ഗറിലകളും ബശ്ശാറിന് സംരക്ഷണമൊരുക്കുകയും സ്വന്തം സ്വാധീനമേഖലകള്‍ വിപുലീകരിക്കുകയും ചെയ്തിരിക്കുന്നു.  എന്നാല്‍, ഒരേസമയം രാഷ്ട്രീയതലത്തിലും സൈനികമായും അലപ്പോയില്‍ സ്വാധീനത നേടാന്‍ പ്രാപ്തിയുള്ള ഏകരാജ്യം തുര്‍ക്കി മാത്രമാണ്.  

ഏറ്റവും കൂടുതല്‍ സിറിയന്‍ അഭയാര്‍ഥികള്‍ക്ക് സങ്കേതം  ഒരുക്കിയ തുര്‍ക്കിയുടെ ശബ്ദം കൂടുതല്‍ വിലമതിക്കപ്പെടാതിരിക്കില്ല. അലപ്പോയിലെ ഉപരോധം ഭേദിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തുര്‍ക്കി സേനക്ക് അനുമതി നല്‍കുകയാകും ഈ സന്ദര്‍ഭത്തിലെ ഉചിത നടപടി. ഈ പദ്ധതിക്ക് നാറ്റോ വ്യോമ സംരക്ഷണം സജ്ജീകരിക്കണം. അത്തരമൊരു പദ്ധതി വ്യവസ്ഥ ചെയ്യുന്ന പ്രമേയം രക്ഷാസമിതിയില്‍ വീറ്റോ ചെയ്യപ്പെടാതിരിക്കാന്‍  ഈ ജീവകാരുണ്യ പദ്ധതിയുമായി റഷ്യയെയും ബന്ധിപ്പിക്കാന്‍ മടിക്കേണ്ടതില്ല. റഷ്യയുടെ സ്വാധീനശക്തിയെ അവഗണിക്കുന്നത് ശരിയായ നയതന്ത്രജ്ഞത അല്ല.
സിറിയയില്‍ ഇപ്പോള്‍ പ്രവര്‍ത്തനനിരതരായ യു.എസ്, ബ്രിട്ടീഷ്  സൈനികര്‍ അവരുടെ വൈദഗ്ധ്യം തുര്‍ക്കി സേനയുമായി പങ്കുവെക്കണം. ഇന്‍റലിജന്‍സ് വിവരങ്ങളും തുര്‍ക്കി അധികൃതര്‍ക്ക് കൈമാറേണ്ടതുണ്ട്.

അമേരിക്കയുമായി സൈനിക സഹകരണത്തോടുള്ള തുര്‍ക്കിയുടെ വൈമുഖ്യത്തിനുള്ള സുപ്രധാന കാരണം ഫത്ഹുല്ല ഗുലനുമായി ബന്ധപ്പെട്ട ഭിന്നതയാണ്. തുര്‍ക്കിയില്‍ ഉര്‍ദുഗാനെതിരെ നടന്ന വിഫല സൈനിക അട്ടിമറിയുടെ സൂത്രധാരനായ ഗുലനെ വിചാരണക്ക് വിട്ടുകിട്ടാനുള്ള തുര്‍ക്കിയുടെ  അഭ്യര്‍ഥനകള്‍ നിരാകരിക്കപ്പെടുകയായിരുന്നു. എന്നാല്‍, ഗുലനെതിരെ മൂര്‍ത്തമായ തെളിവുകള്‍ തുര്‍ക്കി കൈമാറിയതോടെ അദ്ദേഹത്തെ വൈകാതെ വിട്ടുകൊടുക്കുമെന്ന  സൂചനകളാണ് വാഷിങ്ടണില്‍നിന്ന് ലഭിക്കുന്നത്. അട്ടിമറിശ്രമത്തോടെ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാന്‍ തുര്‍ക്കി സേന സിറിയന്‍ ഓപറേഷനില്‍ പങ്കാളികളാകുമെന്ന സാധ്യതയും പ്രതീക്ഷകള്‍ക്ക് ആക്കം പകരുന്നു.

(ബ്രിട്ടീഷ് മുന്‍ വിദേശകാര്യ
സെക്രട്ടറിയാണ് ലേഖകന്‍)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:syriaturkey
Next Story