ഇസ്ലാമിക നിയമസംഹിത നടപ്പാക്കാന്‍ ബില്‍ അനുകൂലിക്കുമെന്ന് മലേഷ്യന്‍ ഭരണകക്ഷി

01:14 AM
29/05/2016

ക്വാലാലംപുര്‍: കലന്താന്‍ പ്രവിശ്യയില്‍ ശരീഅ കോടതിയുടെ  അധികാരപരിധി വര്‍ധിപ്പിക്കുന്നതിനും ഇസ്ലാമിക ശരീഅത്ത് നിയമങ്ങള്‍  ശക്തിപ്പെടുത്തുന്നതിനുമുള്ള ബില്ലിന് പിന്തുണ നല്‍കുമെന്ന് മലേഷ്യന്‍ ഭരണസഖ്യത്തിലെ പ്രബല കക്ഷിയായ യുനൈറ്റഡ് നാഷനല്‍ ഓര്‍ഗനൈസേഷന്‍  (യു.എം.എന്‍.ഒ) അറിയിച്ചു. കലന്താന്‍ പ്രവിശ്യയില്‍ ഭരണം കൈയാളുന്ന ഇസ്ലാമിക പാര്‍ട്ടിയായ പാസ് പ്രതിനിധിയാണ് പാര്‍ലമെന്‍റില്‍ ബില്‍ അവതരിപ്പിച്ചത്.
എന്നാല്‍, ഇസ്ലാമിക നിയമസംഹിത കൊണ്ടുവരാനുള്ള ബില്‍ ഭരണഘടനയുടെ ലംഘനമാണെന്ന് യു.എം.എന്‍.ഒ നേതൃത്വം നല്‍കുന്ന ഭരണസഖ്യത്തിലെ രണ്ടു ഘടകകക്ഷികള്‍ കുറ്റപ്പെടുത്തി.
മലേഷ്യന്‍ ചൈനീസ് അസോസിയേഷന്‍ (എം.സി.എ) മലേഷ്യന്‍ ഇന്ത്യന്‍ കോണ്‍ഗ്രസ് (എം.ഐ.സി) എന്നിവയാണ് ബില്ലിനെതിരെ വിമര്‍ശവുമായി രംഗത്തുവന്നത്.
അതേസമയം, ജനസംഖ്യയില്‍ 60 ശതമാനവും  മുസ്ലിംകള്‍ ആയിരിക്കെ ഇത്തരമൊരു ബില്‍ നടപ്പാക്കുന്നതില്‍ അപാകതയില്ളെന്ന് യു.എം.എന്‍.ഒ നേതാവും പ്രധാനമന്ത്രിയുമായ നജീബ് റസാഖ് പ്രസ്താവിച്ചു. ശരീഅ കോടതിവിധികളും ഇസ്ലാമിക നിയമാവലികളും മുസ്ലിംകള്‍ക്കുമാത്രമേ ബാധകമാകൂ എന്നതിനാല്‍ ഇതുമായി ബന്ധപ്പെട്ട ആശങ്കകള്‍  അര്‍ഥശൂന്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാര്‍ലമെന്‍റ്, ഒൗദ്യോഗിക ഇസ്ലാമിക ഡിപ്പാര്‍ട്മെന്‍റ്, ഭരണ കൗണ്‍സില്‍ എന്നിവയുടെ അനുമതി ലഭിച്ചാല്‍ മാത്രമേ നിയമം നടപ്പാക്കാനാവൂ എന്നും പ്രധാനമന്ത്രി വിശദീകരിച്ചു.1965ല്‍ പ്രാബല്യത്തില്‍വന്ന ഇസ്ലാമിക കോടതി ആക്ടില്‍ ഭേദഗതി വരുത്തുന്നതിന്  പാസ് നേരത്തേ നിയമനടപടികള്‍  ആരംഭിച്ചിരുന്നു. എന്നാല്‍, കലന്താന്‍ പ്രവിശ്യയുമായി ബന്ധപ്പെട്ട് ഇത്തരമൊരു ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുന്നത് ഇതാദ്യമാണ്. പാസ് പാര്‍ട്ടി പ്രസിഡന്‍റ്  അബ്ദുല്‍ ഹാദി അവാങ് അവതരിപ്പിച്ച ബില്ലിനെതിരെ പ്രതിപക്ഷ ഡെമോക്രാറ്റിക് ആക്ഷന്‍ പാര്‍ട്ടിയും പ്രതിഷേധവുമായി രംഗത്തുണ്ട്.

Loading...
COMMENTS