യമനില്‍ ഹൂതികളുമായി വെടിനിര്‍ത്തലിന് ധാരണ
text_fieldsസന്‍ആ: യമനില്‍ അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയുടെ സര്‍ക്കാറും ശിയാ സായുധവിഭാഗമായ ഹൂതികളും തമ്മില്‍ വെടിനിര്‍ത്തലിന് ധാരണയായി. വെടിനിര്‍ത്തലിനും സമാധാനചര്‍ച്ചകള്‍ക്കും തയാറാണെന്ന് ഹൂതി പ്രതിനിധികള്‍ യു.എന്‍ ദൂതന്‍ ഇസ്മാഈല്‍ ഒൗദ് ശൈഖ് അഹമ്മദിനെ അറിയിക്കുകയായിരുന്നു.
ഏപ്രില്‍ ആദ്യത്തില്‍ കുവൈത്തില്‍ നടക്കുന്ന സമാധാനചര്‍ച്ചയില്‍ രണ്ടു വര്‍ഷത്തോളമായി തുടരുന്ന ആഭ്യന്തരസംഘര്‍ത്തിന് അറുതിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തേ, വിഷയത്തില്‍ യു.എന്‍ രക്ഷാസമിതിയില്‍ അവതരിപ്പിച്ച പ്രമേയം ഹൂതികള്‍ പൂര്‍ണമായും അംഗീകരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹൂതികള്‍ നിരുപാധികം ആയുധങ്ങളും പിടിച്ചെടുത്ത പ്രദേശങ്ങളും സര്‍ക്കാറിന് വിട്ടുനല്‍കണമെന്നാണ് പ്രമേയത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥ. ഇത് അംഗീകരിച്ചാല്‍ തലസ്ഥാനമായ സന്‍ആ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളുടെ നിയന്ത്രണം സര്‍ക്കാറിനുതന്നെ തിരിച്ചുലഭിക്കും.
2014 സെപ്റ്റംബറിലാണ് ഹൂതികള്‍ രാജ്യത്ത് സൈനികനീക്കം ആരംഭിച്ചതും തന്ത്രപ്രധാന മേഖലകള്‍ പിടിച്ചെടുത്തതും. കഴിഞ്ഞവര്‍ഷം സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന യമനില്‍ ഇടപെട്ടതോടെയാണ് ഹൂതികളുടെ സൈനികനീക്കങ്ങള്‍ക്ക് തിരിച്ചടിയുണ്ടായത്. തുടര്‍ന്ന്, സര്‍ക്കാര്‍ ഓരോ മേഖലയായി തിരിച്ചുപിടിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.