തെല്‍അവീവില്‍ ഫലസ്തീനികളുടെ ആക്രമണത്തില്‍ നാലു മരണം
text_fieldsതെല്‍അവീവ്: ബുധനാഴ്ച രാത്രി തോക്കുധാരികളായ രണ്ട് ഫലസ്തീനികള്‍ ഇസ്രായേല്‍ തലസ്ഥാനമായ തെല്‍അവീവിലെ നിശാകേന്ദ്രത്തില്‍ നടത്തിയ വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ആക്രമത്തെ തുടര്‍ന്ന് ഫലസ്തീനിനെതിരെ ഇസ്രായേല്‍ കടുത്ത നടപടികള്‍ പ്രഖ്യാപിച്ചു. റമദാന്‍ പ്രമാണിച്ച് 83,000 ഫലസ്തീന്‍ പൗരന്മാര്‍ക്ക് മസ്ജിദുല്‍ അഖ്സ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിന് അനുവദിച്ചിരുന്ന യാത്രാനുമതി റദ്ദാക്കി.
പരമ്പരാഗത ജൂതമതവിശ്വാസികളുടെ വേഷത്തില്‍ ഫലസ്തീന്‍ യുവാക്കളായ ഖാലിദ് മുഹമ്മദ് മഖംമ്ര, ബന്ധുവായ മുഹമ്മദ് അഹ്മദ് മഖംമ്ര എന്നിവര്‍ സരോന മാര്‍ക്കറ്റിലെ കഫേയിലേക്ക് കടന്നതിനുശേഷം കൂടിയിരുന്നവര്‍ക്കുനേരെ നിറയൊഴിക്കുകയായിരുന്നു. ഇസ്രായേലിന്‍െറ പ്രതിരോധ മന്ത്രാലയവും സൈനിക ആസ്ഥാനവും പ്രവര്‍ത്തിക്കുന്നതിന് സമീപമാണ് കഫേ പ്രവര്‍ത്തിക്കുന്നത്.
ആക്രമണം വീരോചിത നടപടിയാണെന്ന് ഹമാസ് വിശേഷിപ്പിച്ചു. ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു സംഭവസ്ഥലം സന്ദര്‍ശിച്ചു. മേയ് 30ന് പ്രതിരോധമന്ത്രിയായി ചുമതലയേറ്റെടുത്ത അവിഗ്ദോര്‍ ലീബര്‍മാനുമായി അദ്ദേഹം സാഹചര്യങ്ങള്‍ വിലയിരുത്തി. ഇരുവരും നിരവധി പ്രത്യാക്രമണനടപടികള്‍ ചര്‍ച്ചചെയ്തതായി നെതന്യാഹുവിന്‍െറ ഓഫിസ് അറിയിച്ചു.
അതിനിടെ, യാത്രാ പെര്‍മിറ്റുകള്‍ റദ്ദാക്കിയ നടപടി ഫലസ്തീനില്‍ വ്യാപകപ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. രണ്ടുപേരുടെ പ്രവൃത്തിയുടെ പേരില്‍ ജനങ്ങളെല്ലാവരെയും ശിക്ഷിക്കുകയാണ് ഇസ്രായേല്‍ ചെയ്യുന്നതെന്നാണ് വിമര്‍ശം. റമദാനില്‍ മസ്ജിദുല്‍ അഖ്സയില്‍ പ്രാര്‍ഥന നിര്‍വഹിക്കാനും ഇസ്രായേലില്‍ കഴിയുന്ന ബന്ധുക്കളെ സന്ദര്‍ശിക്കാനുമാണ് താല്‍ക്കാലിക പെര്‍മിറ്റ് നല്‍കിയിരുന്നത്. ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷം രൂക്ഷമായ 2015 ഒക്ടോബര്‍ മുതല്‍ ഇതുവരെ 207 ഫലസ്തീന്‍ പൗരന്മാരും 32 ഇസ്രായേല്‍ പൗരന്മാരും രണ്ട് അമേരിക്കക്കാരും രണ്ട് ആഫ്രിക്കക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
