വടക്കൻ കൊറിയ ഹൈഡ്രജൻ ബോംബ് പരീക്ഷണം നടത്തി
text_fieldsസിയോൾ: വടക്കൻ കൊറിയ ഹൈഡ്രജൻ ബോംബ് പരീക്ഷണം നടത്തി. പരീക്ഷണം വിജയകരമായിരുന്നുവെന്ന് വടക്കൻ കൊറിയയെ ഉദ്ധരിച്ചുകൊണ്ട് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ദേശീയ ടെലിവിഷൻ ചാനലിലൂടെയാണ് പരീക്ഷണവാർത്ത കൊറിയ പുറത്തുവിട്ടത്. ജനുവരി 6 ന് രാവിലെ നടത്തിയ ഹൈഡ്രജൻ ബോംബ് പരീക്ഷണം വർക്കേഴ്സ് പാർട്ടിയുടെ നിശ്ചയദാർഢ്യത്തിന്‍റെ പ്രതിഫലനമാണെന്ന് വാർത്താ അവതാരകൻ അറിയിച്ചു. ആണവായുധ നിർമാണത്തിന്‍റെ ആദ്യപടിയായാണ് ബോംബ് പരീക്ഷണമെന്ന് കൊറിയൻ വൃത്തങ്ങൾ സൂചിപ്പിച്ചു. രാജ്യത്തിന്‍റെ നാലാമത്തെ അണുവായുധ പരീക്ഷണമാണിത്.

ആണവ പരീക്ഷണത്തിന്‍റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്ന് അമേരിക്ക പ്രതികരിച്ചു. നടപടി വിലയിരുത്താനായി യു.എൻ സുരക്ഷാ കൗൺസിൽ നാളെ യോഗം ചേരുന്നുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ തെക്കൻ കൊറിയ അടിയന്തര മന്ത്രിസഭാ യോഗം ചേർന്നു.

പരീക്ഷണത്തെ തുടർന്ന് ഉത്തരകൊറിയയിൽ അസ്വാഭാവിക ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം കൊറിയൻ അണുവായുധ കേന്ദ്രമാണെന്ന് ചൈനീസ് ഭൗമശാസ്ത്രഞ്ജരും യു.എസ്. ജിയോളജിക്കൽ സർവെയും നേരത്തേ വ്യക്തമാക്കിയിരുന്നു.
വടക്കൻ കൊറിയയിലെ ആണവായുധ പരീക്ഷണ കേന്ദ്രത്തിലേക്ക് പുതിയതായി ഒരു തുരങ്കം നിർമിക്കുന്നതിന്‍റെ ഉപഗ്രഹ ചിത്രങ്ങൾ ലഭിച്ചിരുന്നതായി ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ കഴിഞ്ഞ മാസം തന്നെ അറിയിച്ചിരുന്നു. 2006, 2009, 2013 വർഷങ്ങളിലായി പംഗെയ്-രി അണുപരീക്ഷണ കേന്ദ്രത്തിൽ വെച്ച് വടക്കൻ കൊറിയ മൂന്ന് ആണവായുധ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

