ഐ.എസിനെതിരെ തുര്‍ക്കി സൈന്യം സിറിയയില്‍
text_fieldsഇസ്തംബൂള്‍: അതിര്‍ത്തി പ്രദേശമായ ജറാബുലുസില്നിന്ന് ഐ.എസിനെ തുരത്തുന്നതിന് തുര്‍ക്കി സൈനിക ടാങ്കുകള്‍ സിറിയയില്‍ പ്രവേശിച്ചു. തുര്‍ക്കിയുടെയും അമേരിക്കയുടെയും നേതൃത്വത്തില്‍ ഇവിടെ വ്യോമാക്രമണം നടത്തിവരുന്നുണ്ട്. കരമാര്‍ഗവും ആക്രമണം ശക്തമാക്കുന്നതിന്‍െറ ഭാഗമായാണ് തുര്‍ക്കി ടാങ്കുകള്‍ സിറിയയില്‍ പ്രവേശിച്ചിരിക്കുന്നത്. ബുധനാഴ്ച രാവിലെയാണ് അതിര്‍ത്തി കടന്ന് ജറാബുലുസ് പട്ടണത്തിലേക്ക് സൈന്യം പ്രവേശിച്ചതെന്ന് തുര്‍ക്കി സര്‍ക്കാര്‍ ചാനലാണ് റിപ്പോര്‍ട്ട് ചെയ്തത്.
വടക്കന്‍ സിറിയയില്‍ തമ്പടിച്ചിരിക്കുന്ന ഐ.എസ് തീവ്രവാദികളെയും കുര്‍ദിഷ് പോരാളികളെയും തുരത്തുകയാണ് പുതിയ നീക്കത്തിന് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്തിന്‍െറ അതിര്‍ത്തിയില്‍ നിരന്തരം ആക്രമണം നടത്തുന്ന സാഹചര്യത്തിലാണ് ആക്രമണമെന്നാണ് തുര്‍ക്കി അധികൃതരുടെ വിശദീകരണം.
തുര്‍ക്കിയിലെ ഗാസിയാന്താബില് വിവാഹ ചടങ്ങിനിടെ ഐ.എസ് നടത്തിയ ആക്രമണത്തില്‍ 54 പേര് കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് അതിര്‍ത്തിയിലെ തീവ്രവാദഗ്രൂപ്പുകളുടെ സാന്നിധ്യം ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
