മ്യാന്മര്‍: പട്ടാള ഭരണം തിരിച്ചെത്തുമെന്ന ഭയപ്പാടില്‍ ന്യൂനപക്ഷവിഭാഗങ്ങള്‍
text_fieldsയാംഗോന്‍: ഈമാസം എട്ടിന് നടക്കുന്ന തെരഞ്ഞെടുപ്പിനെ ഏറെ പ്രതീക്ഷയോടെയാണ് മ്യാന്മറിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ ഉറ്റുനോക്കുന്നത്. ആങ്സാന്‍ സൂകിയുടെ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി പരാജയപ്പെട്ടാല്‍ സൈന്യം നേതൃത്വം നല്‍കുന്ന യുനൈറ്റഡ് സോളിഡാരിറ്റി ആന്‍ഡ് ഡെവലപ്മെന്‍റ് പാര്‍ട്ടി തിരിച്ചത്തെുമെന്ന ആശങ്കയും അവര്‍ക്കുണ്ട്. ഏഴുദശകം നീണ്ട പട്ടാളഭരണത്തില്‍ കൊടിയ പീഡനങ്ങളാണ് അവര്‍ അനുഭവിച്ചത്. പുരുഷന്മാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയും സ്ത്രീകളെ അതിക്രൂരമായി ബലാത്സംഗം ചെയ്തും ഭീകരതയുടെ വാഴ്ചയായിരുന്നു പട്ടാള ഭരണത്തിലെന്ന് മ്യാന്‍മറിലെ ന്യൂനപക്ഷങ്ങള്‍ പറയുന്നു. അക്കാലത്ത് 350,000 പേര്‍ തായ്ലന്‍ഡിലെ അഭയാര്‍ഥി ക്യാമ്പുകളിലും കാടുകളിലും അഭയംതേടി. ദുരന്തം അതിജീവിച്ചവര്‍ തെരഞ്ഞെടുപ്പിലൂടെ പ്രതീക്ഷയുടെ പുതുനാമ്പുകള്‍ സ്വപ്നംകാണുകയാണ്.
‘തെരഞ്ഞെടുപ്പില്‍ യു.എസ്.ഡി.പി അധികാരത്തില്‍ വന്നാല്‍ ഞങ്ങള്‍ യാചകരെ പോലെ കഴിയേണ്ടിവരും. അവര്‍ പരാജയപ്പെടുകയാണെങ്കില്‍ രാജ്യം പുരോഗതിയിലേക്ക് കുതിക്കും. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു ബലപരീക്ഷണമാണ്’ -ഗ്രാമത്തിലെ തലമുതിര്‍ന്ന അംഗം കുന്‍ കി മിന്‍റ് പറഞ്ഞു. 5.2 കോടി വരുന്ന മ്യാന്മര്‍ ജനസംഖ്യയില്‍ 40 ശതമാനത്തോളം കരേന്‍ ഉള്‍പ്പെടെയുള്ള ഗോത്രവര്‍ഗവിഭാഗങ്ങളാണ്. സൂകി അധികാരത്തില്‍വന്നാല്‍ നഷ്ടപ്പെട്ട അവകാശങ്ങള്‍ തിരിച്ചുപിടിക്കാമെന്നാണ് ഈവിഭാഗങ്ങള്‍ കരുതുന്നത്.
1948ല്‍ ബ്രിട്ടനില്‍നിന്ന് ബര്‍മ സ്വാതന്ത്ര്യം നേടിയതോടെ ഈ വംശത്തിന് സ്വയം നിര്‍ണയത്തിനുള്ള അവകാശങ്ങള്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എല്ലാ വാഗ്ദാനങ്ങളും 1962ലെ പട്ടാള അട്ടിമറിയോടെ ഇല്ലാതായി. കിരാതഭരണത്തില്‍ പൊറുതിമുട്ടിയതോടെ കചിന്‍, ഷാന്‍, കരേന്‍ തുടങ്ങിയ ന്യൂനപക്ഷ വിഭാഗങ്ങള്‍ പ്രക്ഷോഭ വഴിയിലിറങ്ങി. അവരില്‍നിന്ന് സായുധവിഭാഗങ്ങള്‍ ഉയര്‍ന്നുവന്നു. കലാപത്തിന്‍െറ തുടര്‍ച്ചയായി ലക്ഷക്കണക്കിനുപേര്‍ മേഖലയില്‍നിന്ന് കുടിയൊഴിക്കപ്പെട്ടു.
രാജ്യത്ത് വര്‍ഷങ്ങളായി തുടരുന്ന ആഭ്യന്തരകലാപങ്ങള്‍ക്ക് അറുതിവരുത്താന്‍ ലക്ഷ്യമിട്ട് അടുത്തിടെ എട്ട് വംശീയ തീവ്രവാദ സംഘടനകളുമായി സര്‍ക്കാര്‍ സമാധാനക്കരാര്‍ ഒപ്പിട്ടു. രാജ്യത്ത് 15 വംശീയ തീവ്രവാദ സംഘടനകളില്‍ എട്ടെണ്ണമാണ് കരാറില്‍ ഒപ്പിട്ടത്.
65 വര്‍ഷം നീണ്ട സായുധസംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ 2013 ല്‍ ആരംഭിച്ച സമാധാനചര്‍ച്ചകളാണ് ഫലംകണ്ടുതുടങ്ങിയത്. അരനൂറ്റാണ്ട് സൈനികഭരണത്തിലായിരുന്ന മ്യാന്മര്‍ ദീര്‍ഘനാളത്തെ പ്രക്ഷോഭങ്ങളത്തെുടര്‍ന്നാണ് 2011ല്‍ ജനാധിപത്യരീതിയിലേക്ക് മാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.