അഫ്ഗാൻ പാർലമെന്‍റ് മന്ദിരം മോദി ഉദ്ഘാടനം ചെയ്തു
text_fieldsകാബൂൾ: ജനാധിപത്യത്തിന്‍റെ ശ്രീകോവിൽ അഫ്ഗാനിസ്താന് സമർപ്പിക്കുന്നതിലൂടെ താൻ ഏറെ ആദരണീയനായിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ നിർമിച്ചു നൽകിയ പുതിയ അഫ്ഗൻ പാർലമെന്‍റ് സമുച്ചയം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഈ മന്ദിരം അഫ്ഗാൻ ജനതയും ഇന്ത്യൻ ജനതയും തമ്മിലുള്ള നിതാന്ത സൗഹൃദത്തിന്‍റെ സ്മാരകമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഓരോ ഇന്ത്യക്കാരന്‍റെയും അഫ്ഗാൻകാരന്‍റെയും മനസിൽ അതിർത്തികളില്ലാത്ത സ്നേഹമാണ് നിലനിൽക്കുന്നത്. നാമൊരുമിച്ച് നിർമിച്ച റോഡുകളും കെട്ടിടങ്ങളും ഇരുരാജ്യങ്ങൾ തമ്മിലുള്ള അകലം കുറക്കുന്നു. അഫ്ഗാൻ മുൻപ്രസിഡന്‍റ് ഹമീദ് കർസായിയും ഇന്ത്യൻ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടേയും സ്വപ്നപദ്ധതിയായിരുന്നു ഈ മന്ദിരം. വാജ്പേയിയുടെ ജന്മനാളായ ഈ ദിനത്തേക്കാൾ കൂടുതൽ നല്ല ദിനം മന്ദിരോദ്ഘാടനത്തിനായി തെരഞ്ഞെടുക്കാനാവില്ല എന്നും അദ്ദേഹം പറഞ്ഞു.

നേരത്തേ പാർലമെന്‍റ് മന്ദിരത്തിലെ അടൽ ബ്ളോക്ക് മോദി ഉദ്ഘാടനം ചെയ്തു. വാർഷിക ഇന്ത്യ--റഷ്യ ഉച്ചകോടിയിൽ പങ്കെടുത്ത് മോസ്കോയിൽ നിന്ന് ഇന്ന് രാവിലെയാണ് മോദി കാബൂളിലെത്തിയത്. അധികാരമേറ്റെടുത്തശേഷം ആദ്യമായി അഫ്ഗാനിലെത്തുന്ന മോദിയുടെ സന്ദർശന വിവരം സുരക്ഷാകാരണങ്ങളാൽ പുറത്തുവിട്ടിരുന്നില്ല.

യുദ്ധത്തിൽ നാശനഷ്ടങ്ങൾ നേരിട്ട അഫ്ഗാനിസ്താൻ പുനർനിർമിക്കുന്നതിനും രാജ്യവുമായുള്ള സൗഹൃദം മെച്ചപ്പെടുത്തുന്നതിനുമായി ഇന്ത്യ 2007ലാണ് 296 കോടി രൂപ ചെലവിൽ പുതിയ പാർലമെന്‍റ് സമുച്ചയ നിർമാണ പദ്ധതിക്ക് തുടക്കമിട്ടത്. 2011ൽ നിർമാണം പൂർത്തിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന സമുച്ചയത്തിന് 2008ൽ 710 കോടി രൂപയായിരുന്നു നിർമാണചെലവ് കണക്കാക്കിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
