പെഷാവർ സൈനിക സ്കൂൾ ഭീകരാക്രമണത്തിന് ഒരാണ്ട്
text_fieldsപെഷാവർ: പെഷാവർ സൈനിക സ്കൂളിലെ കെമിസ്ട്രി അധ്യാപികയായ അന്തലീബ് അഫ്താബ് സ്റ്റാഫ് റൂമിലിരിക്കുകയായിരുന്നു ആ സമയത്ത്. ബെല്ലടിച്ചതിനെ തുടർന്ന് ക്ലാസിലേക്ക് പോകാനിറങ്ങിയപ്പോൾ, ‘അങ്ങോട്ടു പോകേണ്ട, സ്കൂൾ നിറയെ ആയുധധാരികളാണ്’ –സഹപ്രവർത്തക ഉറക്കെവിളിച്ചുപറഞ്ഞു. ‘നമ്മുടെ ക്ലർക്കിനെ അവർ കൊന്നു’. ഭയന്നുവിറച്ച അന്തലീബ് സ്റ്റാഫ് റൂമിലേക്ക് തിരികെയോടി. വെടിയൊച്ചകളും പിടഞ്ഞുവീഴുന്നവരുടെ രോദനവും അവരുടെ കാതുകളിൽ മുഴങ്ങി. സ്റ്റാഫ് റൂമിൽ അവരെ കൂടാതെ മൂന്ന് അധ്യാപകർ കൂടിയുണ്ടായിരുന്നു. കുറച്ചുകഴിഞ്ഞ് മുറിയുടെ വാതിൽ തുറന്ന് പുറത്തേക്ക് നോക്കിയപ്പോൾ തോക്കുമായൊരാൾ വരാന്തയിൽ നിൽക്കുന്നത് കണ്ടു.10 അടി അകലം മാത്രമേ ഞങ്ങൾ തമ്മിലുണ്ടായിരുന്നുള്ളൂ. ഞങ്ങളെ കണ്ടതും അയാൾ വെടിയുതിർത്തു. വാതിലടച്ച് എവിടെ ഒളിക്കുമെന്നറിയാതെ ഞങ്ങൾ ഭയന്നുവിറച്ചു. മരണം ഉറപ്പിച്ച നിമിഷങ്ങൾ.
ഒടുവിൽ ബാത്ത്റൂമിൽ അഭയം തേടുകയായിരുന്നു. നാലുപേരും ശ്വാസം പിടിച്ച് ബാത്ത്റൂമിെൻറ ഇടുങ്ങിയ ചുവരുകൾക്കുള്ളിൽ വെടിയൊച്ചക്കായി കാതോർത്തിരുന്നു. എട്ടു മണിക്കൂറോളം അവിടെ കഴിഞ്ഞു. ആൺകുട്ടികൾക്കുനേരെ തോക്കുയർത്തുമ്പോൾ കലിമ ചൊല്ലാൻ അക്രമികൾ ആവശ്യപ്പെടുന്നത് കേൾക്കാമായിരുന്നു. വെടിയൊച്ച നിലച്ചപ്പോൾ പതുക്കെയവർ പുറത്തിറങ്ങി. അന്തലീബ് ആദ്യം തിരഞ്ഞത് തെൻറ കുട്ടികളെയായിരുന്നു. മൂന്നു മക്കളും പെഷാവർ സൈനിക സ്കൂൾ വിദ്യാർഥികളായിരുന്നു. രണ്ടുപേർ ജീവനോടെയുണ്ട്. ആശ്വാസത്തോടെ മൂന്നാമനെ തിരഞ്ഞ അവരുടെ ശ്വാസം നിലച്ചു. അവനെ തീവ്രവാദികൾ കൊലപ്പെടുത്തിയിരിക്കുന്നു. ചേതനയറ്റ ആ ശരീരം ഒരു നോക്കുകാണാൻ അവർ പെഷാവറിലെ സൈനിക ആശുപത്രിയിലേക്കോടി. നൂറുകണക്കിന് ശരീരങ്ങളിൽ മകനെ തിരഞ്ഞുനടക്കുന്ന രംഗം ഓർത്തെടുത്തപ്പോൾ അന്തലീബ് കരയുകയായിരുന്നു. അഞ്ചു വെടിയുണ്ടകളാണ് ആ പിഞ്ചുശരീരം തുളച്ചത്. ‘നിങ്ങൾക്കറിയുമോ, അവെൻറ മുഖത്ത ്അപ്പോഴും പുഞ്ചിരിയുണ്ടായിരുന്നു’.

2014 ഡിസംബർ 16നായിരുന്നു പെഷാവർ സൈനിക സ്കൂളിൽ 136 കുട്ടികൾ ഉൾപ്പെടെ 150 പേരെ ഭീകരർ കൊലപ്പെടുത്തിയത്. ലോകമന$സാക്ഷിയെ ഞെട്ടിച്ച ദാരുണസംഭവത്തിെൻറ വാർഷികാനുസ്മരണ ചടങ്ങിനോടനുബന്ധിച്ച് കനത്ത സുരക്ഷാസന്നാഹമായിരുന്നു പാകിസ്താനിൽ ഒരുക്കിയത്. പ്രധാനമന്ത്രി നവാസ് ശരീഫ്, സൈനിക മേധാവി റഹീൽ ശരീഫ്, ആഭ്യന്തരമന്ത്രി ചൗധരി നിസാർ അലി ഖാൻ, ധനകാര്യ മന്ത്രി ഇഷാഖ് ദാർ, പ്രവിശ്യാ മുഖ്യമന്ത്രിമാർ, സൈനിക മേധാവികൾ തുടങ്ങി നിരവധി ഉന്നതർ ചടങ്ങിൽ പങ്കെടുത്തു. രാജ്യത്തെ നടുക്കിയ ആക്രമണമെന്ന് നവാസ് ശരീഫ് പറഞ്ഞു. എല്ലാ വർഷവും ഡിസംബർ 16 ദേശീയ വിദ്യാഭ്യാസ ഐക്യദാർഢ്യദിനമായി കൊണ്ടാടാനും തീരുമാനിച്ചു. പെഷാവറിൽ ചിന്തിയ കുഞ്ഞുങ്ങളുടെ രക്തം തീവ്രവാദത്തിനെതിരായ പോരാട്ടത്തെ ശക്തിപ്പെടുത്തും. ഓരോ തുള്ളിക്കും രാജ്യം കണക്കുതീർക്കും. തീവ്രവാദത്തിനെതിരായ സൈനികനീക്കത്തിന് നൽകിയ പിന്തുണക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി.
ചടങ്ങിൽ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടവരെയും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെയും ആദരിച്ചു. വാർഷികത്തിെൻറ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. പ്രധാനപ്പെട്ട സ്ഥലങ്ങളിൽ സൈന്യത്തെ വിന്യസിച്ചു. ആക്രമണത്തിൽ പൊലിഞ്ഞ അരുമകളുടെ ഫോട്ടോയും കൈയിലേന്തിയാണ് ബന്ധുക്കൾ ചടങ്ങിൽ പങ്കെടുത്തത്. കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലിയർപ്പിച്ച് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ റാലികളും പ്രകടനങ്ങളും നടത്തി. ആക്രമണത്തിെൻറ ആഘാതത്തിൽനിന്ന് സ്കൂളിലെ വിദ്യാർഥികൾ മുക്തരായിട്ടില്ല. പലർക്കും കൗൺസലിങ് തുടരുകയാണ്. ഭീകരരുടെ തോക്കിൻമുനയിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട പലരുടെയും പരിക്ക് ഭേദമായിട്ടില്ല. ആക്രമണത്തിനുശേഷം വധശിക്ഷക്കെതിരെയുള്ള മൊറട്ടോറിയം സർക്കാർ എടുത്തുകളഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
