സമവായ സാധ്യതകൾ തേടി സിറിയൻ പ്രതിപക്ഷ സമ്മേളനത്തിന് റിയാദിൽ തുടക്കം
text_fieldsറിയാദ്: സിറിയയിലെ ആഭ്യന്തര പ്രതിസന്ധിക്ക് സമാധാനപരമായ പരിഹാരം കാണുന്നതിെൻറ സാധ്യതകൾ തേടി പ്രതിപക്ഷ കക്ഷികളുടെയും വിപ്ലവ പാർട്ടികളുടെയും സമ്മേളനത്തിന് റിയാദിൽ തുടക്കമായി. സിറിയൻ നേതൃത്വവുമായി രാഷ്ട്രീയ ചർച്ചകൾ നടത്താനുള്ള സംയുക്തസമിതിക്ക് സമ്മേളനം രൂപം നൽകും. വിവിധ പാർട്ടികളെയും സംഘടനകളെയും സിവിൽ, സൈനിക വിഭാഗങ്ങളെയും പ്രതിനിധീകരിച്ച് 65 പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സൗദി വിദേശകാര്യ മന്ത്രാലയത്തിെൻറ നേതൃത്വത്തിലാണ് സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. സ്വേച്ഛാധിപതി ബശ്ശാർ അൽഅസദിനെ താഴെയിറക്കി സിറിയയുടെ ഭരണം സ്വതന്ത്രവും ജനാധിപത്യപരവുമായ സംവിധാനത്തിലേക്ക് പരിവർത്തിപ്പിക്കാനുള്ള സാധ്യത തെളിയുന്ന സാഹചര്യത്തിൽ പ്രതിപക്ഷ കക്ഷികൾക്കിടയിൽ ഐക്യമുണ്ടാക്കുക എന്നതാണ് സമ്മേളനത്തിെൻറ പ്രധാന ലക്ഷ്യം. പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരമാണ് തേടുന്നതെന്ന് സൗദി ഭരണകൂടം നേരത്തേ വ്യക്തമാക്കിയിരുന്നു.
പ്രതിപക്ഷ കക്ഷികൾ പലരാജ്യങ്ങളിലായാണുള്ളതെന്നും പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരമാണ് ആഗ്രഹിക്കുന്നതെന്നും പ്രതിപക്ഷ കക്ഷികളുടെ നേതാക്കളിലൊരാളായ ഖാലിദ് ഖോജയും വ്യക്തമാക്കിയിരുന്നു. സമ്മേളനത്തിനുമുമ്പ് മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പ്രതിപക്ഷ ഏകീകരണ കമ്മിറ്റിയുടെ 20 പേർ, വിപ്ലവ പോരാട്ട വിഭാഗത്തിലെ സൈനിക നേതൃത്വത്തിൽ നിന്ന് 15 പേർ, സ്വതന്ത്ര പൗരപ്രമുഖർ, മതനേതാക്കൾ എന്നിവരെ പ്രതിനിധാനംചെയ്ത് 25 പേർ എന്നിവരാണ് പങ്കെടുക്കുന്നത്. ബശ്ശാർ ഭരണത്തിനെതിരെ പോരാടുന്ന സ്വതന്ത്ര സൈന്യം, സിറിയൻ വിപ്ലവകാരികൾ, ശാം മുന്നേറ്റ സൈന്യം, നൂറുദ്ദീൻ സൻകി വിഭാഗം, ഫലീഖുശ്ശാം, അഹ്റാറുശ്ശാം, പ്രതിപക്ഷ ദേശീയസഖ്യം, ജനാധിപത്യ പുനഃസ്ഥാപനത്തിനുള്ള ദേശീയ ഏകോപനസമിതി, രാജ്യത്തിനകത്തും പുറത്തുമുള്ള പ്രതിപക്ഷ സംഘടനകളുടെ പൊതുവേദിയായ കൈറോ കോൺഫറൻസ്, പാശ്ചാത്യ പിന്തുണയുള്ള ദക്ഷിണ മുന്നണി, ജയ്ശുൽ ഇസ്ലാം തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളാണ് റിയാദിലെത്തിയിരിക്കുന്നത്.
ഭരണമാറ്റം ആവശ്യപ്പെട്ടുള്ള വിപ്ലവം യഥാർഥ വിപ്ലവമാണെന്നും സിറിയയുടെ ഭരണം ഏറ്റെടുക്കാൻ പ്രതിപക്ഷ കക്ഷികൾ ശക്തരാണെന്നും തെളിയിക്കാനുള്ള അവസരമാണ് സമ്മേളനം നൽകുന്നത്. സിറിയയിൽ അധികാരമാറ്റം തന്നെയാണ് പോംവഴിയെന്ന് അമേരിക്കയും റഷ്യയുമുൾപ്പെടെ ധാരണയിലെത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിൽ സമ്മേളനത്തോടെ ബശ്ശാറിെൻറ ഭാവി നിർണയിക്കപ്പെടുമെന്നാണ് കരുതുന്നത്. ഭാവി സിറിയയുടെ രാഷ്ട്രീയത്തിൽ ബശ്ശാർ കുടുംബത്തിന് പങ്കുണ്ടാവില്ലെന്ന് സൗദി വിദേശകാര്യ മന്ത്രി ആദിൽ ബിൻ അഹ്മദ് അൽജുബൈർ ആവർത്തിച്ച് വ്യക്തമാക്കിയത് സിറിയൻ ഭരണമാറ്റത്തിെൻറ വ്യക്തമായ സൂചനകളായാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
