മ്യാന്മറിൽ രണ്ട് റോയിട്ടേഴ്സ് മാധ്യമപ്രവര്‍ത്തർക്ക് ഏഴുവർഷം തടവ്
text_fieldsയാംഗോൻ: മ്യാന്മറിൽ റോഹിങ്ക്യൻ കൂട്ടക്കൊലയെ കുറിച്ച് അന്വേഷണം നടത്തവെ അറസ്റ്റിലായ രണ്ടു റോയിേട്ടഴ്സ് മാധ്യമപ്രവർത്തകർക്ക് ഏഴുവർഷം തടവ്. നിയമവിരുദ്ധമായി ഒൗദ്യോഗിക രേഖകൾ കൈവശംവെച്ചെന്നാരോപിച്ചാണ് വാ ലോണ്‍ (32), കയ്വാവ് സോ (28) എന്നീ മാധ്യമപ്രവർത്തകരെ ശിക്ഷിച്ചത്.
മാധ്യമപ്രവര്‍ത്തകരെ സംബന്ധിച്ച് ദുഃഖകരമായ ദിനമാണെന്ന് വിധിയെക്കുറിച്ച് റോയിട്ടേഴ്സ് എഡിറ്റര്‍ ഇന്‍ ചീഫ് സ്റ്റീഫന്‍ അഡ്ലര് പറഞ്ഞു. യു.എന്നും യൂറോപ്യൻ യൂനിയനും യു.എസ്, ബ്രിട്ടൻ ഉൾപ്പെടെ രാജ്യങ്ങളും വിധിയെ അപലപിച്ചു.
രാഖൈൻ പ്രവിശ്യയിലെ റോഹിങ്ക്യന്‍ മുസ്ലിംകള്‍ക്കു നേരെയുണ്ടായ സൈനിക അതിക്രമങ്ങൾ പുറത്തുകൊണ്ടുവന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബര്‍ 12നാണ് മ്യാന്മർ പൗരന്മാരായ മാധ്യമപ്രവർത്തകരെ അറസ്റ്റ്ചെയ്തത്. ഇവർ യാംഗോനിലെ ഇൻസെയിൻ ജയിലിൽ കഴിയുകയായിരുന്നു. ഇൗ കാലയളവ് കുറച്ച് ശിക്ഷയനുഭവിച്ചാൽ മതിയാകും.
രാഖൈനിലെ മൗങ്ഡോ ജില്ലയില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന സൈനിക നീക്കങ്ങളെക്കുറിച്ചുള്ള രേഖകള്‍ ഇവരില്‍നിന്ന് പിടിച്ചെടുത്തെന്നായിരുന്നു അറസ്റ്റ് സംബന്ധിച്ച് പൊലീസ് വിശദീകരണം. ഇക്കാര്യങ്ങൾ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചതായും പൊലീസ് ആരോപിച്ചു. ഔദ്യോഗിക രഹസ്യ നിയമം ലംഘിക്കുന്നത് ജാമ്യമില്ലാ കുറ്റമാണെന്നു ചൂണ്ടിക്കാട്ടി മ്യാന്മര് കോടതി ഇവരുടെ ജാമ്യാപേക്ഷ നിരസിച്ചിരുന്നു.
ബ്രിട്ടീഷ് കൊളോണിയൽ കാലത്തെ നിയമം മുൻനിർത്തി മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്തത് മനുഷ്യാവകാശ ലംഘനമാണെന്നും അവരെ വിട്ടയക്കണമെന്നും യു.എൻ ആവശ്യപ്പെട്ടിരുന്നു. ‘‘ഞങ്ങൾ തെറ്റായി ഒന്നും ചെയ്തിട്ടില്ല. അതിനാൽ ശിക്ഷ ഭയക്കുന്നില്ല. നീതിയിലും ജനാധിപത്യത്തിലും സ്വാതന്ത്ര്യത്തിലും വിശ്വാസമുണ്ട്’’ -വിധിപ്രസ്താവത്തോട് വാ ലോണ്‍ പ്രതികരിച്ചു.
10 റോഹിങ്ക്യൻ യുവാക്കളെ സൈന്യം കൊലപ്പെടുത്തിയ സംഭവമാണ് ഇവർ പുറത്തുകൊണ്ടുവന്നത്. റിപ്പോർട്ടർമാരെ ഉടൻ മോചിപ്പിക്കണമെന്ന് ലോകവ്യാപകമായുള്ള മനുഷ്യാവകാശ സംഘടനകൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
