ജീവനെടുത്ത് ഇസ്രായേൽ ഉപരോധം; കുഞ്ഞുങ്ങൾ മരിച്ചുവീഴുന്നു
text_fieldsഗസ്സയിലെ ജബാലിയ അഭയാർഥി ക്യാമ്പിൽ ഭക്ഷണത്തിനായി തടിച്ചുകൂടിയ കുട്ടികൾ
ഗസ്സ സിറ്റി: അഞ്ചുമാസത്തിലേറെയായി തുടരുന്ന ഇസ്രായേലിന്റെ കണ്ണിൽ ചോരയില്ലാത്ത ആക്രമണവും അവശ്യസാധനങ്ങൾ പോലും ലഭ്യമാക്കാതെയുള്ള ഉപരോധവുംമൂലം ഭക്ഷണം ലഭിക്കാതെ ഗസ്സയിൽ കുഞ്ഞുങ്ങൾ മരിച്ചുവീഴുന്നു. ഇനിയും സഹായമെത്തിച്ചില്ലെങ്കിൽ കുഞ്ഞുങ്ങളുടെ കൂട്ടമരണത്തിന് സാക്ഷ്യംവഹിക്കേണ്ടിവരുമെന്ന് ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് മുന്നറിയിപ്പ് നൽകി. അഭയാർഥി ക്യാമ്പുകളിൽ പിറന്നുവീഴുന്ന കുഞ്ഞുങ്ങൾ പോഷകാഹാരക്കുറവുമൂലം മരണത്തിന്റെ വക്കിലാണെന്ന് ലോകാരോഗ്യ സംഘടനയും പറയുന്നു. യുദ്ധത്തിൽ ഇതുവരെ 13,000ലധികം കുരുന്നുകൾ കൊല്ലപ്പെട്ടതായാണ് കണക്ക്.
ആരോഗ്യ പരിപാലന സംവിധാനങ്ങൾ പാടേ തകർന്ന് ഗസ്സ വൻ മാനുഷിക ദുരന്തത്തിനരികിലാണെന്ന് ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് സെക്രട്ടറി ജനറൽ ക്രിസ്റ്റഫർ ലോകിയർ പറഞ്ഞു. വാർത്ത വിനിമയ സംവിധാനങ്ങൾ നിലച്ചതിനാൽ വടക്കൻ ഗസ്സയിലെ വിവരങ്ങൾ പുറത്തുവരുന്നുപോലുമില്ല. ലക്ഷങ്ങൾ അഭയാർഥികളായി കഴിയുന്ന റഫയിൽ കരയാക്രമണം കടുപ്പിക്കാനുള്ള ഇസ്രായേൽ തീരുമാനം നടപ്പായാൽ മനുഷ്യചരിത്രത്തിലെ സമാനതയില്ലാത്ത ദുരന്തമാണ് കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഹമാസ് പോരാളികൾ താവളമാക്കിയെന്നാരോപിച്ച് അൽ ശിഫ ആശുപത്രിയിൽ വീണ്ടും അതിക്രമിച്ചുകടന്ന ഇസ്രായേൽ സേന, അവിടം വീണ്ടും ചോരക്കളമാക്കി. 90ലധികം പേരെ വധിച്ചതായാണ് സൈന്യം അവകാശപ്പെടുന്നത്. യുദ്ധം തുടങ്ങിയതുമുതൽ അന്താരാഷ്ട്ര നിയമങ്ങളെല്ലാം ലംഘിച്ച് ആശുപത്രികളെ ലക്ഷ്യമിടുന്ന സൈന്യം 410 ആക്രമണങ്ങളാണ് ഇതുവരെ നടത്തിയതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. 685 പേർ കൊല്ലപ്പെടുകയും 902 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 99 കെട്ടിടങ്ങൾക്കും 104 ആംബുലൻസുകൾക്കും കേടുപാടുണ്ടായി.
ഒരാഴ്ചക്കിടെ നടത്തിയ ആക്രമണങ്ങളിൽ 100ലധികം സന്നദ്ധ പ്രവർത്തകർ കൊല്ലപ്പെട്ടു. ട്രക്കുകളിലെത്തുന്ന ഭക്ഷണം കാത്തുനിന്നവരെ കൂട്ടക്കൊല ചെയ്തു. ഭക്ഷണ വിതരണം പോലും തടഞ്ഞ് ഗസ്സ നിവാസികളെ വംശഹത്യ ചെയ്യാനുള്ള കുടില തന്ത്രമാണ് ഇസ്രായേൽ നടപ്പാക്കുന്നതെന്ന് ഗസ്സ മീഡിയ ഓഫിസ് കുറ്റപ്പെടുത്തി. ബന്ദിമോചന- വെടിനിർത്തൽ ചർച്ചകൾ ദോഹയിൽ പുരോഗമിക്കുമ്പോഴും ഗസ്സയിൽ വ്യോമാക്രമണം തുടരുകയാണ് ഇസ്രായേൽ. ചൊവ്വാഴ്ച രാത്രി അഭയാർഥി ക്യാമ്പുകളിൽ നടത്തിയ മൂന്ന് ആക്രമണങ്ങളിൽ 28 പേർ കൊല്ലപ്പെട്ടു. ഇതോടെ ആകെ മരണം 31,923 ആയി. 74,096 പേർക്ക് പരിക്കേറ്റു.
വെടിനിർത്തൽ ചർച്ച തുടരുന്നു
ദോഹ: ഗസ്സ വെടിനിർത്തൽ ചർച്ചകൾ മൂന്നാം ദിവസവും തുടരുന്നു. ഇസ്രായേൽ, ഖത്തർ, യു.എസ്, ഈജിപ്ത് എന്നിവയുടെ സാന്നിധ്യത്തിലാണ് ഖത്തർ തലസ്ഥാനമായ ദോഹയിൽ ചർച്ചകൾ നടക്കുന്നത്. പുരോഗതി അവകാശപ്പെടാനാവില്ലെങ്കിലും ശുഭപ്രതീക്ഷ പകരുന്നതാണ് നീക്കങ്ങളെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. ഇസ്രായേൽ സംഘത്തെ നയിച്ച മൊസാദ് തലവൻ ഡേവിഡ് ബാർണിയ ചൊവ്വാഴ്ച നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇസ്രായേലിൽ യുദ്ധമന്ത്രിസഭാ യോഗത്തിൽ വെടിനിർത്തൽ നിർദേശങ്ങൾ ചർച്ച ചെയ്യാനാണ് മടങ്ങിയതെന്നാണ് സൂചന.
അതിനിടെ, ഇസ്രായേൽ പ്രതിരോധ മന്ത്രി യൊആവ് ഗാലന്റ് അടുത്തയാഴ്ച വാഷിങ്ടൺ സന്ദർശിക്കും. ഗസ്സ കരയാക്രമണ പദ്ധതിക്കെതിരെ രൂക്ഷ വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് സന്ദർശനം.
ഒക്ടോബർ ആക്രമണത്തിന് ശേഷം ആദ്യ സന്ദർശനം നടത്തുന്ന ഗാലന്റ് പെന്റഗൺ മേധാവി ലോയ്ഡ് ഓസ്റ്റിനെയും കാണും. യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ സൗദി അറേബ്യ സന്ദർശനത്തിനെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

