അരുഗം ബീച്ച് ഭീകരാക്രമണ പദ്ധതി: പ്രതികൾക്ക് എൽ.ടി.ടി.ഇ സഹായം ലഭിച്ചതായി ശ്രീലങ്ക
text_fieldsകൊളംബോ: ഇസ്രായേലി വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് അരുഗം ബേ ബീച്ചിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്തവർ എൽ.ടി.ടി.ഇ ബന്ധമുള്ളവരുടെ സഹായം തേടിയിരുന്നതായി ശ്രീലങ്കൻ പൊലീസ്.
കൊളംബോ ഫോർട്ട് മജിസ്ട്രേറ്റ് കോടതിയിലാണ് ഇതു സംബന്ധിച്ച് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചത്. മുൻ ഭീകരാക്രമണ കേസുകളിൽ ജയിൽ മോചിതരായ നിരവധി പേരുമായി ഗൂഢാലോചനക്കാർ ബന്ധപ്പെട്ടിരുന്നതായും രണ്ട് മാലദ്വീപ് സ്വദേശികളടക്കം മൂന്ന് പ്രതികളെ കോടതിയിൽ ഹാജരാക്കിയ പൊലീസ് പറഞ്ഞു. 2008ലെ കൂട്ടക്കൊല ആസൂത്രണം ചെയ്ത കേസിലെ പ്രതിയായ എൽ.ടി.ടി.ഇ പ്രവർത്തകനെയും ബന്ധപ്പെട്ടിരുന്നു. ജയിലിലാണ് ഭീകരാക്രമണ ഗൂഢാലോചന നടന്നത്. ആക്രമണം നടത്താൻ പദ്ധതിയിട്ട സ്ഥലത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും വിവരങ്ങൾ ഗൂഢാലോചനക്കാർക്ക് കൈമാറുകയും ചെയ്ത ആറുപേർകൂടി പിടിയിലായിട്ടുണ്ട്. അഫ്ഗാനിസ്താൻ, മാലദ്വീപ് പൗരന്മാരായ മറ്റ് രണ്ട് പ്രതികൾക്കായി ഇന്റർപോൾ റെഡ് നോട്ടീസ് ഇറക്കിയതായും പൊലീസ് അറിയിച്ചു.
ഭീകരാക്രമണത്തിന് സാധ്യതയുള്ളതിനാൽ അരുഗം ബേ ബീച്ചിൽനിന്ന് മാറിനിൽക്കാൻ കഴിഞ്ഞ ഒക്ടോബർ 23ന് കൊളംബോയിലെ യു.എസ് എംബസി പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

