നൈജർ: പ്രസിഡന്റിനെ വിചാരണ ചെയ്യുമെന്ന് സൈന്യം
text_fieldsനിയമി: നൈജറിൽ അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് ബാസൂമിനെ രാജ്യദ്രോഹക്കുറ്റത്തിന് വിചാരണ ചെയ്യുമെന്ന് സൈനിക വക്താവ് അറിയിച്ചു. രാജ്യത്തിന്റെ ആഭ്യന്തരവും ബാഹ്യവുമായ സുരക്ഷയെ തുരങ്കംവെച്ചുവെന്നാണ് പ്രധാന ആരോപണം. 63കാരനായ ബാസൂമും കുടുംബവും ജൂലൈ 26ലെ അട്ടിമറിക്കുശേഷം നിയമിയിലെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിൽ തടവിലാണ്. സിവിലിയൻ ഭരണം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മ നൈജറിനുമേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.
സൈനിക ഇടപെടലിന് മടിക്കില്ലെന്നാണ് അവരുടെ മുന്നറിയിപ്പ്. ഒരുകൂട്ടം നൈജീരിയൻ ഇസ്ലാമിക പണ്ഡിതർ നൈജറിലെ സൈനിക നേതാവ് അബ്ദുറഹ്മാൻ ചിയാനിയുമായി നിയമിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മയുമായി നേരിട്ടുള്ള ചർച്ചക്ക് ചിയാനി സമ്മതിച്ചതായി അവർ അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് ബാസൂമിനെ വിചാരണ ചെയ്യുമെന്ന സൈന്യത്തിന്റെ പ്രഖ്യാപനം.

