അർമീനിയ-അസർബൈജാൻ വെടിനിർത്തൽ
text_fieldsയെരവാൻ (അർമീനിയ): രണ്ടു ദിവസം രൂക്ഷമായി തുടർന്ന അർമീനിയ-അസർബൈജാൻ സംഘർഷത്തിന് ഒടുവിൽ വിരാമം. ഇരുരാജ്യങ്ങളും വെടിനിർത്തൽ കരാറിലെത്തി. സംഘർഷത്തിൽ രണ്ടു ദിവസത്തിനിടെ ഇരുപക്ഷത്തുമായി 155 പേർ കൊല്ലപ്പെട്ടിരുന്നു.
അന്താരാഷ്ട്ര മധ്യസ്ഥതയിലാണ് വെടിനിർത്തൽ കരാറിലെത്തിയതെന്ന് അർമീനിയ രക്ഷാസമിതി സെക്രട്ടറി അർമെൻ ഗ്രിഗോറിയൻ പറഞ്ഞു. അസർബൈജാൻ ഭാഗത്തുനിന്ന് വെടിനിർത്തൽ സംബന്ധിച്ച് പ്രതികരണമുണ്ടായിട്ടില്ല. ബുധനാഴ്ച രാത്രി എട്ടു മണിയോടെയാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. അതിനുശേഷം ഇരുഭാഗത്തുനിന്നും അക്രമ സംഭവങ്ങളുണ്ടായിട്ടില്ല.
സംഘർഷത്തിൽ 105 അർമീനിയൻ സൈനികർക്ക് ജീവൻ നഷ്ടമായതായി പ്രധാനമന്ത്രി നികോൾ പാഷിൻയാൻ വ്യക്തമാക്കി. 50 അസർബൈജാൻ സൈനികരും കൊല്ലപ്പെട്ടു.
അസർബൈജാൻ നിയന്ത്രിക്കുന്ന, അർമീനിയക്കാർ കൂടുതൽ വസിക്കുന്ന നഗോർണോ-കരാബാഖ് പ്രദേശത്തെ ചൊല്ലിയാണ് കഴിഞ്ഞദിവസം സൈനികർക്കിടയിൽ വീണ്ടും സംഘട്ടനം പൊട്ടിപ്പുറപ്പെട്ടത്. കോക്കസസ് മലനിരകളിലെ നഗോർണോ-കരാബാഖിനെ ചൊല്ലി പതിറ്റാണ്ടുകളായി ഇരുരാജ്യങ്ങൾക്കുമിടയിൽ തർക്കം നിലനിൽക്കുകയാണ്. അസർബൈജാന്റെ ഭാഗമായാണ് രാജ്യാന്തര അംഗീകാരമെങ്കിലും അർമീനിയ സമ്മതിച്ചിട്ടില്ല. അസർബൈജാന്റെ കൈവശമുള്ള പ്രദേശമാണെങ്കിലും അർമീനിയ സർക്കാറിന്റെ പിന്തുണയുള്ള അർമേനിയൻ വംശജർക്കാണ് 1994 മുതൽ നിയന്ത്രണം.
പ്രദേശത്തെച്ചൊല്ലി 2020ലുണ്ടായ യുദ്ധത്തിൽ 6,700 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിലൂടെ അർമീനിയൻ നിയന്ത്രണത്തിലുള്ള പ്രദേശം അസർബൈജാൻ പിടിച്ചെടുത്തിരുന്നു. പിന്നീടും ഇടക്കിടെ സംഘർഷങ്ങളുണ്ടാവാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

