യു.എസിൽ എഫ്.ബി.ഐ കെട്ടിടത്തിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച ആയുധധാരിയെ വെടിവെച്ചു കൊന്നു
text_fieldsന്യൂയോർക്ക്: യു.എസിലെ സിൻസിനാറ്റിയിലുള്ള എഫ്.ബി.ഐ കെട്ടിടത്തിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ച ആയുധധാരിയെ പൊലീസ് വെടിവെച്ചു കൊന്നു.
റിക്കി ഷിഫറാണ് (42) മരിച്ചത്. ഇയാൾക്ക് തീവ്ര വലതുപക്ഷ സംഘടനകളുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നത് പൊലീസ് അന്വേഷിക്കുന്നുണ്ട്. 2020 ജനുവരി ആറിന് യു.എസ് പാർലമെന്റ് മന്ദിരം ആക്രമിക്കാൻ ശ്രമിച്ച തീവ്രനിലപാടുള്ള സംഘടനകളുമായി ഇയാൾക്കു ബന്ധമുണ്ടോ എന്നതാണ് പൊലീസ് പരിശോധിക്കുന്നത്. ഡോണൾഡ് ട്രംപ് അനുകൂലികൾ കാപ്പിറ്റോൾ ആക്രമിക്കുന്ന സമയത്ത് ഇദ്ദേഹം അവിടെയുണ്ടായിരുന്നു.
പ്രാദേശിക സമയം രാവിലെ 9.15ഓടെ കെട്ടിടത്തിൽ സന്ദർശകരുടെ സുരക്ഷ പരിശോധന നടത്തുന്ന സ്ഥലത്തേക്ക് ആയുധങ്ങളുമായി അതിക്രമിച്ചു കയറാൻ ശ്രമിച്ച ഇയാൾ സുരക്ഷാ സൈനികർ രംഗത്തുവന്നതോടെ ഒഹായോയിലെ ക്ലിന്റൻ കൗണ്ടിയിലേക്ക് കാറിൽ രക്ഷപ്പെടുകയിരുന്നു. ഇതിനിടെ പിന്തുടർന്നെത്തിയ പൊലീസ് ഇയാളെ തടഞ്ഞുനിർത്തി. പൊലീസ് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ വഴങ്ങിയില്ല. സമീപത്തെ ചോളപ്പാടത്തിൽ ഒളിച്ചു. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എഫ്.ബി.ഐ ഓഫിസിൽ ഇയാൾ അതിക്രമിച്ചു കയറാനുണ്ടായ സാഹചര്യം പരിശോധിച്ചു വരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച ഡോണൾഡ് ട്രംപിന്റെ ഫ്ലോറിഡയിലെ വസതിയിൽ എഫ്.ബി.ഐ റെയ്ഡ് നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

