ഡോണൾഡ് ട്രംപിന്റെ വസതിയിലേക്ക് അതിക്രമിച്ച് കടന്ന തോക്കുധാരിയെ വെടിവെച്ച് കൊന്നു
text_fieldsവാഷിങ്ടൺ: ഡോണൾഡ് ട്രംപ് വസതിയിലേക്ക് തോക്കുമായെത്തിയാളെ വെടിവെച്ച് കൊന്നു. ഫ്ലോറിഡയിലെ മാർ എ ലാഗോയിലെ വസതിയിലെത്തിയ ആളെയാണ് യു.എസ് സീക്രട്ട് സർവീസ് അംഗങ്ങൾ വെടിവെച്ച് കൊന്നത്. സംഭവം നടക്കുമ്പോൾ ട്രംപ് വൈറ്റ് ഹൗസിലായിരുന്നു. അനധികൃതമായി ട്രംപിന്റെ വസതിയിലെത്തിയയാൾ സുരക്ഷാപരിധി ലംഘിച്ചെന്ന് യു.എസ് സീക്രട്ട് സർവീസ് അറിയിച്ചു.
20 വയസ് പ്രായമുള്ള യുവാവ് യു.എസ് സമയം ഞായറാഴ്ച പുലർച്ചെ ഒന്നരയോടെയാണ് ട്രംപിന്റെ വസതിയിലേക്ക് അതിക്രമിച്ച് കയറിയത്. ഒരു തോക്കും ഇന്ധനം നിറച്ച കാനും ഇയാളുടെ കൈവശമുണ്ടായിരുന്നുവെന്ന് യു.എസ് സീക്രട്ട് സർവീസ് അറിയിച്ചു. കൊല്ലപ്പെട്ടയാളുടെ പേരു വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
കുടുംബാംഗങ്ങളെത്തി ഇയാളുടെ മൃതദേഹം തിരിച്ചറിഞ്ഞതിന് ശേഷമാവും പേരുവിവരങ്ങൾ പുറത്ത് വിടുക. ട്രംപിന്റെ വീട്ടിലേക്ക് ഇയാൾ അതിക്രമിച്ച് കയറാനുള്ള കാരണം സംബന്ധിച്ച് എഫ്.ബി.ഐയും മറ്റ് യു.എസ് ഏജൻസികളും അന്വേഷണത്തിലാണ്. സംഭവത്തിനിടെ സീക്രറ്റ് സർവീസ് ഏജന്റുമാരിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് സേന അറിയിച്ചു.
നേരത്തെ പെൻസൽവാനിയയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ ട്രംപിന് നേരെ വധശ്രമമുണ്ടായിരുന്നു. അന്ന് ട്രംപിന്റെ വലതു ചെവിയുടെ മുകൾ ഭാഗത്ത് വെടിയേൽക്കുകയായിരുന്നു. പെൻസിൽവേനിയയിൽ ബട്ട്ലർ എന്ന സ്ഥലത്ത് ഒരു പൊതുയോഗത്തിൽ പ്രസംഗിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

