അർജൻറീനയിൽ തീവ്രവലതുപക്ഷ നേതാവ് യാവിയർ മിലീ പ്രസിഡൻറ്
text_fieldsബ്വേനസ് ഐറിസ്: പരമ്പരാഗത കക്ഷികളെ മാറ്റിനിർത്തി പുതുമുഖമായ തീവ്രവലതുപക്ഷ നേതാവ് യാവിയർ മിലീയെ പ്രസിഡന്റ് പദത്തിലെത്തിച്ച് അർജന്റീനയിലെ വോട്ടർമാർ. പതിറ്റാണ്ടുകളായി കടുത്ത സാമ്പത്തിക പ്രതിസന്ധി വാഴുന്ന രാജ്യത്തെ കരകയറ്റുന്നതിൽ നിലവിലെ കക്ഷികളും നേതാക്കളും വൻ പരാജയമായതോടെയാണ് 56 ശതമാനം വോട്ടുമായി മിലീ അധികാരമുറപ്പിച്ചത്. ഡോണൾഡ് ട്രംപിന്റെയും ജയ് ബൊൾസനാരോയുടെയും പിന്തുടർച്ചക്കാരനായി അടുത്തിടെ മാധ്യമ ശ്രദ്ധ നേടിയ നേതാവാണ് മിലീ. രണ്ടുവർഷം മുമ്പാണ് ‘ലിബർട്ടാഡ് അവൻസ’ എന്ന പാർട്ടിയുമായി അർജന്റീന രാഷ്ട്രീയത്തിൽ സാന്നിധ്യമറിയിക്കുന്നത്.
ടിക് ടോക്കിലും മറ്റു സമൂഹ മാധ്യമങ്ങളിലുമായി പ്രചാരണം കൊഴുപ്പിച്ച അദ്ദേഹം അതിവേഗം ജനപ്രിയനായി. കഴിഞ്ഞ ഒക്ടോബറിൽ നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ ഏഴു ശതമാനം വോട്ടിനു പിറകിലായെങ്കിലും രണ്ടാംഘട്ടത്തിൽ മധ്യ വലതുപക്ഷത്തിന്റെ പിന്തുണ കൂടി ആർജിച്ചാണ് പകുതിയിലേറെ വോട്ടുകളുമായി അധികാരം പിടിച്ചത്. ഏറെയായി അധികാരം കൈയാളുന്ന പെറോണിസ്റ്റ് സഖ്യത്തിന്റെ സ്ഥാനാർഥി സെർജിയോ മാസ 44 ശതമാനം വോട്ടുമായി രണ്ടാം സ്ഥാനത്തായി. ‘കൊള്ളയടിക്കുന്ന, അഴിമതിക്കാരായ രാഷ്ട്രീയ വർഗ’ത്തിനെതിരെ മുദ്രാവാക്യങ്ങളുയർത്തി രംഗത്തുവന്ന അദ്ദേഹം കടുത്ത സാമ്പത്തിക നടപടികൾ നടപ്പാക്കുമെന്ന വാഗ്ദാനവുമായാണ് എത്തുന്നത്.
സെൻട്രൽ ബാങ്ക് പിരിച്ചുവിടൽ, നിരവധി അമേരിക്കൻ രാജ്യങ്ങളുടെ പൊതു നാണയമായ ‘പെസോ’ ഒഴിവാക്കൽ, ചെലവു കുറക്കൽ തുടങ്ങിയവയാണ് മിലീ മുന്നോട്ടുവെച്ച പരിഷ്കാരങ്ങളിൽ ചിലത്. അതേസമയം, ലോക ബാങ്കിന് 4400 കോടി ഡോളർ ബാധ്യതയുൾപ്പെടെ വൻ വെല്ലുവിളികൾ എങ്ങനെ നേരിടുമെന്നതും തുറിച്ചുനോക്കുന്നുണ്ട്. ഡിസംബർ 10ന് മിലീ അധികാരമേൽക്കും.