തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡോണൾഡ് ട്രംപ് നടത്തിയ പ്രസംഗം ഓർമിപ്പിച്ച് സമൂഹമാധ്യമങ്ങൾ. യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ തനിക്ക് രാജ്യം വിടേണ്ട അവസ്ഥയാണെന്ന് ട്രംപ് ഒക്ടോബറിൽ ജോർജിയയിലെ മാകോണിൽ നടന്ന റാലിക്കിടെ പറഞ്ഞിരുന്നു. രാജ്യം വിടുന്നില്ലേയെന്നാണ് നെറ്റിസൺസ് ചോദിക്കുന്നത്.
'തെരഞ്ഞെടുപ്പിൽ ഞാൻ തോറ്റാൽ എന്തുണ്ടാകുമെന്ന് നിങ്ങൾക്ക് സങ്കൽപ്പിക്കാനാകുമോ? എനിക്ക് അത്ര നല്ലതാകില്ല. ഞാൻ നിങ്ങളോട് ഒരിക്കലും സംസാരിച്ചേക്കില്ല. നിങ്ങൾ എന്നെ ഒരിക്കലും കണ്ടെന്നും വരില്ല. ചിലപ്പോൾ എനിക്ക് രാജ്യം വിടേണ്ടിവരും' -ട്രംപ് പ്രചാരണത്തിനിടെ പറഞ്ഞിരുന്നു.
Also Read:തെരഞ്ഞെടുപ്പിൽ തോറ്റാൽ രാജ്യം വിടേണ്ടിവരുമെന്ന് ട്രംപ്
അതേസമയം, ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡന്‍റെ വിജയം ട്രംപ് അംഗീകരിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് അവസാനിച്ചിട്ടില്ലെന്നാണ് ട്രംപിന്‍റെ വാദം. ബൈഡനെ ഒരു സംസ്ഥാനത്തും വിജയിയായി പ്രഖ്യാപിച്ചിട്ടില്ല. നിയമപരമായി ഞങ്ങൾ ഉയർത്തുന്ന വെല്ലുവിളികൾ നേരിട്ട ശേഷമേ ആത്യന്തിക വിജയിയെ നിർണയിക്കാനാകൂവെന്നും ട്രംപ് പറയുന്നു.
താൻ എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്‍റായിരിക്കുമെന്നും തന്നിലേൽപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും നിയുക്ത പ്രസിഡന്‍റ് ജോ ബൈഡൻ ട്വീറ്റ് ചെയ്തു. അമേരിക്ക, മഹത്തായ ഈ രാജ്യത്തെ നയിക്കാൻ എന്നെ തിരഞ്ഞെടുത്തതിൽ ഞാൻ കൃതാർത്ഥനാണ്. ഞങ്ങൾക്ക് മുന്നിലുള്ള ജോലി കഠിനമായിരിക്കും, പക്ഷേ ഞാൻ വാഗ്ദാനം ചെയ്യുന്നു, ഞാൻ എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റായിരിക്കും, നിങ്ങൾ എനിക്ക് വോട്ട് ചെയ്താലും ഇല്ലെങ്കിലും. നിങ്ങൾ എന്നിൽ അർപ്പിച്ച വിശ്വാസം ഞാൻ സൂക്ഷിക്കും -ബൈഡൻ പറഞ്ഞു.