വൈദികരുടെ ലൈംഗികാതിക്രമ കേസ്: 7592 കോടി നൽകി ഒത്തുതീർക്കാൻ ധാരണ; ഫണ്ട് കണ്ടെത്താൻ ന്യൂയോർക്ക് അതിരൂപത ആസ്ഥാനം വിറ്റു
text_fieldsആർച്ച് ബിഷപ്പ് റൊണാൾഡ് എ. ഹിക്സ്
ന്യൂയോർക്ക്: വൈദികരും ജീവനക്കാരും ഉൾപ്പെട്ട ലൈംഗിക അതിക്രമ കേസുകൾ ഒത്തുതീർപ്പാക്കുന്നതിനായി 80 കോടി ഡോളറിന്റെ (ഏകദേശം 75,92,84,00,000 രൂപ) ഒത്തുതീർപ്പ് വ്യവസ്ഥ മുന്നോട്ടുവെച്ച് ന്യൂയോർക്ക് അതിരൂപത. 1,300ഓളം കേസുകൾ പരിഹരിക്കാനാണ് ഈ നീക്കമെന്ന് ‘നാഷനൽ കത്തോലിക് റിപ്പോർട്ടർ’ റിപ്പോർട്ട് ചെയ്തു.
അതിരൂപതയും ഇരകളുടെ പ്രതിനിധികളും തമ്മിൽ മാസങ്ങളായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് തീരുമാനത്തിലെത്തിയത്. ഒത്തുതീർപ്പ് വ്യവസ്ഥകൾ പ്രകാരം ഓരോ പരാതിക്കാരനും ഏകദേശം 2,50,000 ഡോളർ വീതം ലഭിക്കും. ഈ തുക രണ്ട് ഘട്ടങ്ങളിലായി വിതരണം ചെയ്യാനാണ് തീരുമാനം. ആദ്യ ഘട്ടത്തിൽ 61.5 കോടി ഡോളർ നൽകും. ബാക്കിയുള്ള 18.5 കോടി ഡോളർ 15 മാസത്തിനുള്ളിലും നൽകും.
ഒത്തുതീർപ്പ് കരാർ നടപ്പാകണമെങ്കിൽ പരാതി നൽകിയ എല്ലാവരും ഏകകണ്ഠമായി അംഗീകരിക്കണം. ഏതെങ്കിലും തരത്തിലുള്ള എതിർപ്പുകൾ ഉണ്ടായാൽ ഒത്തുതീർപ്പ് പരാജയപ്പെടാൻ സാധ്യതയുണ്ടെന്ന് അഭിഭാഷകർ പറഞ്ഞു. തുക സമാഹരിക്കുന്നതിനായി അതിരൂപതയുടെ ആസ്ഥാന മന്ദിരം ഉൾപ്പെടെയുള്ള ഭൂരിഭാഗം വസ്തുവകകളും വിറ്റഴിക്കുകയും ജീവനക്കാരുടെ എണ്ണത്തിൽ വലിയ വെട്ടിക്കുറയ്ക്കലുകൾ വരുത്തുകയും ചെയ്തിട്ടുണ്ട്. 10 കോടി ഡോളറിനാണ് അതിരൂപതയുടെ ആസ്ഥാനം വിറ്റത്.
സാമ്പത്തിക നഷ്ടപരിഹാരത്തിന് പുറമെ കൃത്യമായ സുതാര്യത ഉറപ്പാക്കാനുള്ള വ്യവസ്ഥകളും കരാറിലുണ്ട്. ലൈംഗിക അതിക്രമ പരാതികളിൽ കുറ്റാരോപിതരായ വൈദികരുടെ പട്ടിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും അത് കൃത്യമായി പുതുക്കുകയും ചെയ്യണം. കൂടാതെ, ഇതുമായി ബന്ധപ്പെട്ട രേഖകൾ അയോണ യൂണിവേഴ്സിറ്റിക്ക് കൈമാറണമെന്നും വ്യവസ്ഥയുണ്ട്. ഇൻഷുറൻസ് കമ്പനികളിൽ നിന്ന് നഷ്ടപരിഹാരം തേടാനുള്ള അവസരവും പരാതിക്കാർക്ക് ലഭിക്കും.
മുൻപ് ലോസ് ആഞ്ചലസ് അതിരൂപതയുടെ 88 കോടി ഡോളറിന്റെ ഒത്തുതീർപ്പിന് മധ്യസ്ഥത വഹിച്ച ജഡ്ജി ഡാനിയൽ ജെ. ബക്ലിയാണ് ഈ ചർച്ചകൾക്കും നേതൃത്വം നൽകിയത്. 2016-ൽ കർദിനാൾ ഡോളൻ സ്ഥാപിച്ച ഇൻഡിപെൻഡന്റ് റീകൺസിലിയേഷൻ ആൻഡ് കോംപെൻസേഷൻ പ്രോഗ്രാം (IRCP) വഴി നേരത്തെയും ദശലക്ഷക്കണക്കിന് ഡോളർ ഇരകൾക്ക് നൽകിയിരുന്നു. അതിരൂപതയുടെ ഈ നടപടി ഇരകൾക്ക് ആശ്വാസവും സമാധാനവും നൽകുമെന്ന് താൻ പ്രതീക്ഷിക്കുന്നതായി ആർച്ച് ബിഷപ്പ് റൊണാൾഡ് എ. ഹിക്സ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

