ആപ്പിൾ നയം ആവർത്തിച്ച് ട്രംപ്; ഇന്ത്യയിൽ നിർമിക്കാം, പക്ഷേ യു.എസിൽ താരിഫ് നൽകണം
text_fieldsന്യൂയോർക്: യു.എസിന് പുറത്ത് നിർമിക്കുന്ന ഐഫോണിന് താരിഫ് ചുമത്തുമെന്ന നിലപാട് ആവർത്തിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയിൽ ഉൽപന്നങ്ങൾ നിർമിക്കാനുള്ള ആപ്പിൾ പദ്ധതി അംഗീകരിക്കുന്നുവെന്നും എന്നാൽ, താരിഫ് നൽകാതെ യു.എസിൽ വിൽക്കാൻ സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ആണവോർജ പദ്ധതി ഊർജിതമാക്കാനുള്ള നിരവധി എക്സിക്യൂട്ടിവ് ഉത്തരവുകളിൽ ഒപ്പുവെച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പരാമർശം. ‘‘ഇന്ത്യയിൽ നിർമാണ പ്ലാന്റ് സ്ഥാപിക്കാൻ പോകുകയാണെന്നാണ് ആപ്പിൾ സി.ഇ.ഒ ടിം കുക് പറയുന്നത്. അങ്ങനെ ചെയ്യില്ലെന്ന് അദ്ദേഹവുമായി ഒരു ധാരണയുണ്ടായിരുന്നു. ഞാൻ പറഞ്ഞു, ഇന്ത്യയിലേക്ക് പോകുന്നതിൽ കുഴപ്പമില്ല. പക്ഷേ, താരിഫ് നൽകാതെ നിങ്ങൾക്ക് യു.എസിൽ വിൽക്കാൻ കഴിയില്ല. അങ്ങനെയാണ് കാര്യങ്ങൾ. നമ്മൾ സംസാരിക്കുന്നത് ഐഫോണിനെ കുറിച്ചാണ്. അവർക്ക് അമേരിക്കയിൽ വിൽപന നടത്തണമെങ്കിൽ, ഇവിടെ തന്നെ നിർമിക്കണം’’ ട്രംപ് പറഞ്ഞു.
യു.എസിൽ വിൽക്കുന്ന ഐഫോണുകൾ ഇന്ത്യയിലോ മറ്റെവിടെയെങ്കിലുമല്ല, യു.എസിൽ തന്നെ ആപ്പിൾ നിർമിക്കുമെന്നാണ് പ്രതീക്ഷയെന്ന് ട്രംപ് കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞിരുന്നു. യു.എസിന് പുറത്തുനിർമിച്ച ഐഫോണിന് 25 ശതമാനം നികുതി നൽകേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ജൂൺ പാദത്തിൽ യു.എസിൽ വിൽക്കുന്ന ഭൂരിഭാഗം ഐഫോണും ഇന്ത്യയിലും മറ്റുള്ള ഉൽപന്നങ്ങൾ വിയറ്റ്നാമിലും നിർമിച്ചവയായിരിക്കുമെന്ന് ഈ മാസം ആദ്യത്തിൽ കമ്പനിയുടെ രണ്ടാം പാദവാർഷിക ഫലം പ്രഖ്യാപിക്കുന്നതിനിടെ ടിം കുക് അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

