ഇസ്രായേലിന് സൈനിക സഹായം നൽകുന്ന ഏതൊരു രാജ്യത്തെയും ലക്ഷ്യമിടുമെന്ന് ഇറാൻ സൈന്യം
text_fieldsതെഹ്റാൻ: ഇസ്രായേലിന് സൈനിക സഹായം നൽകുന്ന ഏതൊരു രാജ്യത്തെയും ലക്ഷ്യമിടുമെന്ന് ഇറാൻ സൈന്യം. ഇറാനിലെ ആണവകേന്ദ്രങ്ങൾ യു.എസ് സൈന്യം ആക്രമിച്ചതിന് പിന്നാലെയാണ് ഇറാൻ സൈന്യത്തിന്‍റെ പ്രസ്താവന.
'ഇസ്രയേലിലേക്ക് കപ്പൽ വഴിയോ വിമാനം വഴിയോ സൈനിക സഹായം അയയ്ക്കുന്ന ഏതൊരു രാജ്യത്തെയും ഇറാനെതിരായ ആക്രമണത്തിൽ പങ്കാളികളായി കണക്കാക്കുകയും ഇറാൻ സൈന്യത്തിന്‍റെ ലക്ഷ്യമായി മാറുകയും ചെയ്യും' -സൈനിക വക്താവ് സമൂഹമാധ്യമങ്ങളിൽ നൽകിയ സന്ദേശത്തിൽ പറഞ്ഞു.
ഇറാനിലെ ആണവ കേന്ദ്രങ്ങൾക്ക് നേരെ യു.എസ് ആക്രമണം നടത്തിയതോടെ ഇസ്രായേൽ തുടങ്ങിവെച്ച യുദ്ധം വ്യാപിക്കുകയാണ്. ഫോർദോ, നതാൻസ്, ഇസ്ഫഹാൻ എന്നിവയടക്കം ഇറാന്‍റെ ആണവകേന്ദ്രങ്ങളിൽ അമേരിക്ക വിജയകരമായ ആക്രമണം നടത്തിയെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അറിയിക്കുകയായിരുന്നു. അമേരിക്കൻ പോരാളികളെ അഭിനന്ദിക്കുന്നു. ലോകത്തെ മറ്റൊരു സൈനികശക്തിക്കും ഇത് ചെയ്യാൻ സാധ്യമല്ല. ഇനി സമാധാനത്തിന്‍റെ സമയമാണ് -ട്രംപ് പറഞ്ഞു.
ആണവകേന്ദ്രങ്ങൾ ആക്രമിച്ചതിന് പിന്നാലെ ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ അറിയിച്ചിരിക്കുകയാണ്. കനത്ത പ്രത്യാക്രമണം യു.എസിന് നേരെയുണ്ടാവുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ഉണ്ടാവുമെന്നും ഇറാൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

