സെനറ്റർ അൻവാറുൽ ഹഖ് പാകിസ്താൻ കാവൽ പ്രധാനമന്ത്രി
text_fieldsന്യൂഡൽഹി: സെനറ്റർ അൻവാറുൽ ഹക് കാക്കർ പാകിസ്താനിലെ കാവൽ പ്രധാനമന്ത്രി. ഈ വർഷം പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത് വരെയാവും അദ്ദേഹം പാകിസ്താനെ നയിക്കുക. നിലവിലെ പ്രധാനമന്ത്രി ശഹബാസ് ശെരീഫും പ്രതിപക്ഷ നേതാവ് രാജ റിയാസും തമ്മിൽ രണ്ട് വട്ടം നടത്തിയ ചർച്ചകൾക്കൊടുവിലാണ് കാവൽ പ്രധാനമന്ത്രിയെ തീരുമാനിച്ചത്.
ബലൂചിസ്താൻ അവാമി പാർട്ടിയുടെ നേതാവാണ് കാക്കർ. 2018ലാണ് അദ്ദേഹം സെനറ്ററായി തെരഞ്ഞെടുക്കപ്പെട്ടത്. 2024 വരെയാണ് അദ്ദേഹത്തിന്റെ കാലാവധി.പ്രസിഡന്റ് ആരിഫ് അലവി കാക്കറിന്റെ നിയമനം അംഗീകരിച്ചു. വൈകാതെ ഇതുസംബന്ധിച്ച് ഉത്തരവിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.ആഗസ്റ്റ് ഒമ്പതിനാണ് പ്രധാനമന്ത്രി ശരീഫ് പാർലമെന്റ് പിരിച്ചുവിടാൻ രാഷ്ട്രപതിയോട് ശിപാർശ ചെയ്തത്.
പാക് സർക്കാറിന്റെ കാലാവധി തീരാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് പാർലമെന്റ് പിരിച്ചുവിടാൻ പ്രധാനമന്ത്രി ശിപാർശ ചെയ്തത്. പാകിസ്താനിൽ ഒരു സർക്കാറിന്റെ കാലാവധി പൂർത്തിയായാൽ രണ്ട് മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. എന്നാൽ, പ്രധാനമന്ത്രിയുടെ ശിപാർശ പ്രകാരം പാർലമെന്റ് പിരിച്ചുവിട്ടാൽ 90 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്തിയാൽ മതിയാകും. വോട്ടെടുപ്പിനൊരുങ്ങാൻ കൂടുതൽ സമയം ലഭിക്കുന്നതിന് വേണ്ടിയാണ് പാക് പ്രധാനമന്ത്രി പാർലമെന്റ് പിരിച്ചുവിടാൻ ശിപാർശ ചെയ്തതെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

