ജൂതവിരുദ്ധ പരാമർശം: മാധ്യമങ്ങളെ പഴിച്ച് ഇലോൺ മസ്ക്
text_fieldsവാഷിങ്ടൺ: മാധ്യമങ്ങൾ നൽകിയ വ്യാജ വാർത്തകളാണ് തന്നെ സെമിറ്റിക് വിരുദ്ധനാക്കിയതെന്ന് ഇലോൺ മസ്ക്. കഴിഞ്ഞ ദിവസം എക്സിൽ മറ്റൊരാളുടെ ജൂതവിരുദ്ധ പരാമർശത്തിന് മസ്ക് പിന്തുണ നൽകിയതിനു പിന്നാലെ ആപ്പിൾ അടക്കം ആഗോളഭീമന്മാർ പരസ്യം പിൻവലിക്കുകയും വിവാദം സൃഷ്ടിക്കുകയും ചെയ്തതിന് പിന്നാലെയാണ് പ്രതികരണം.
‘ജൂത ജനതക്ക് വെളുത്ത മനുഷ്യരോട് ഒരുതരം ‘വൈരുധ്യാത്മക വെറുപ്പ്’ ആണെന്ന ഒരാളുടെ പരാമർശം മസ്ക് ശരിവെക്കുകയായിരുന്നു. വൈറ്റ്ഹൗസ് അടക്കം ഇതിനെതിരെ രംഗത്തുവന്നു. കോർപറേറ്റുകളായ വാൾട്ട് ഡിസ്നി, ആപ്പിൾ, വാർണർ ബ്രദേഴ്സ്, കോംകാസ്റ്റ് ഉൾപ്പെടെ പ്രമുഖർ തങ്ങളുടെ എല്ലാ പരസ്യങ്ങളും എക്സിൽനിന്ന് പിൻവലിച്ചു. ഫിനാൻഷ്യൽ ടൈംസ് പോലുള്ള മാധ്യമങ്ങളും എക്സിൽനിന്ന് വിട്ടുനിൽക്കുമെന്ന് പ്രഖ്യാപിച്ചു. യു.എസിൽ, ഇസ്രായേൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജൂതവിരുദ്ധ വികാരം ശക്തിപ്രാപിക്കുന്നതിനിടെയായിരുന്നു മസ്കിന്റെ ശരിവെക്കൽ. ബിൽ അക്ക്മാൻ, രാഷ്ട്രീയ നേതാവ് ബെൻ ഷാപിറോ അടക്കം പ്രമുഖർ മസ്കിനു പിന്തുണയുമായി രംഗത്തുവന്നു.
വിവാദം പടർന്നതിനുപിന്നാലെ നിലപാട് വ്യക്തമാക്കി എക്സ് രംഗത്തെത്തിയിരുന്നു. ‘‘സെമിറ്റിക് വിരുദ്ധതക്കും വിവേചനത്തിനുമെതിരായ പോരാട്ടത്തിൽ സ്വന്തം ശ്രമങ്ങൾ സംബന്ധിച്ച് എക്സ് നിലപാട് കൃത്യവും പൂർണവുമാണ്. ഇതേ വ്യക്തതയുടെ ഭാഗമായി ഏതു സമൂഹത്തെയും വംശഹത്യ നടത്തുന്നതിനായി വാദിക്കുന്നവരെ ഈ സമൂഹ മാധ്യമ പ്ലാറ്റ്ഫോമിൽനിന്ന് പുറത്താക്കും’’- എന്നായിരുന്നു എക്സ് സി.ഇ.ഒ യക്കാറിനോയുടെ വാക്കുകൾ.
മുമ്പും ജൂതവിരുദ്ധ പരാമർശങ്ങളുടെ പേരിൽ മസ്ക് വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. യു.എസിൽനിന്നുള്ള എക്സ് പരസ്യവരുമാനം 60 ശതമാനം ഇതിന്റെ പേരിൽ തനിക്ക് നഷ്ടമാക്കിയെന്നായിരുന്നു മുമ്പൊരിക്കൽ മസ്കിന്റെ വാക്കുകൾ. അതിനിടെ, എക്സിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ച് ‘മീഡിയ മാറ്റേഴ്സ്’ സംഘടനക്കെതിരെ കമ്പനി പരാതി നൽകി.