ചൈനയിൽ ലോക്ഡൗൺ വിരുദ്ധ സമരം പടരുന്നു
text_fieldsബെയ്ജിങ്: ചൈനയിൽ കോവിഡ് നിയന്ത്രണങ്ങൾക്കെതിരായ പ്രക്ഷോഭം പടരുന്നു. സ്ത്രീകളും വിദ്യാർഥികളും ഉൾപ്പെടെ സമരക്കാർ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു. ചൈനയിലെ ഉരുക്കുമുഷ്ടി ഭരണത്തിനു കീഴിൽ പ്രത്യക്ഷ സമരം അപൂർവമാണ്. കഴിഞ്ഞ ദിവസം ദേശീയഗാനം ആലപിച്ചാണ് സമരം നടത്തിയതെങ്കിൽ ഞായറാഴ്ച കമ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരായ പ്രത്യക്ഷ മുദ്രാവാക്യങ്ങൾ മുഴക്കി. 'സ്വാതന്ത്ര്യം തരൂ അല്ലെങ്കിൽ ഞങ്ങളെ കൊലപ്പെടുത്തൂ' എന്ന് മുദ്രാവാക്യം വിളിച്ച സമരക്കാർ എന്തു വെല്ലുവിളിയും നേരിടാൻ ഉറച്ചുതന്നെയായിരുന്നു.
നൂറുകണക്കിനാളുകൾ റോഡ് ഉപരോധിച്ച് സൈന്യവുമായി കയർക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. നിരവധി പേരെ സൈന്യം കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുണ്ട്. ബെയ്ജിങ്, നാൻജിങ് എന്നിവിടങ്ങളിലെ സർവകലാശാലകളിലും സമരം നടന്നു. ചൈനയിലെ വലിയ നഗരവും വാണിജ്യകേന്ദ്രവുമായ ഷാങ്ഹായിയിൽ 'ഷി ജിൻപിങ് പുറത്തുപോകൂ; കമ്യൂണിസ്റ്റ് ഭരണം അവസാനിപ്പിക്കൂ' മുദ്രാവാക്യമുയർത്തിയ പ്രതിഷേധക്കാർ കഴിഞ്ഞ ദിവസം ഉറുംകിയിൽ അപ്പാർട്മെന്റിലെ തീപിടിത്തത്തിൽ മരിച്ചവർക്കായി പുഷ്പവർഷം നടത്തുകയും മെഴുകുതിരി തെളിക്കുകയും ചെയ്തു.
സിൻജ്യങ് മേഖലയിലെ ഉറുംകിയിലുണ്ടായ തീപിടിത്തത്തില്‍ 10 പേര്‍ മരിച്ചതിനു പിന്നാലെയാണ് പ്രതിഷേധം ശക്തമായത്. ഇവിടെ മൂന്നു മാസമായി ലോക്ഡൗണാണ്. ലോക്ഡൗൺ രക്ഷാപ്രവർത്തനം തടസ്സപ്പെടുത്തിയെന്ന വാദം അധികൃതർ നിഷേധിക്കുന്നു. രാജ്യത്ത് പ്രതിദിന കോവിഡ് എക്കാലത്തെയും ഉയരത്തിലാണ്. ഞായറാഴ്ച 40,000ത്തിനു മുകളിൽ കേസ് റിപ്പോർട്ട് ചെയ്തു. ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതിനുശേഷമുള്ള ആദ്യത്തെ ശൈത്യകാലമാണ് ചൈനയിലിപ്പോള്‍. അതുകൊണ്ട് കടുത്ത പ്രതിഷേധങ്ങള്‍ക്കിടയിലും നിയന്ത്രണങ്ങള്‍ തുടരാന്‍തന്നെയാണ് ചൈനയുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

