ഗസ്സയിൽ സഹായ വിതരണ കേന്ദ്രത്തിന്‍റെ സുരക്ഷ മുസ്ലിം വിരുദ്ധ ചരിത്രം പേറുന്ന യു.എസ് ബൈക്കർ ക്ലബിന്, വ്യാപക വിമർശനം
text_fieldsഗസ്സ: ഗസ്സയിലെ ജനങ്ങൾക്കുള്ള സഹായ വിതരണ കേന്ദ്രത്തിന്‍റെ ചുമതല വഹിക്കുന്നത് മുസ്ലിം വിരുദ്ധരായ യു.എസ് ബൈക്കർ ക്ലബ് അംഗങ്ങൾ. ബി.ബി.സിയുടെ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. അമേരിക്കൻ സന്നദ്ധ സംഘടനയായ ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്‍റെ (ജി.എച്ച്.എഫ്) സഹായ വിതരണ കേന്ദ്രത്തിന്‍റെ സുരക്ഷ ചുമതല യു.ജി സൊല്യൂഷൻസ് എന്ന സ്വകാര്യ കരാർ കമ്പനിക്കാണ് നൽകിയിരിക്കുന്നത്.
യു.ജി സൊല്യൂഷൻസിനുവേണ്ടി ഗസ്സയിൽ പ്രവർത്തിക്കുന്നവരിലാണ് ഇൻഫിഡൽസ് മോട്ടോർസൈക്കിൾ ക്ലബിലെ അംഗങ്ങളുള്ളത്. ഇവരിൽ ഭൂരിഭാഗവും മുൻ അമേരിക്കൻ സൈനികരും മുസ്ലിം വിരുദ്ധരുമാണ്. ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്‍റെ കേന്ദ്രങ്ങളിൽ സഹായത്തിനായി വരി നിൽക്കുന്നതിനിടെ നിരവധി പേരാണ് വെടിയേറ്റും ഇസ്രായേൽ വ്യോമാക്രമണങ്ങളിലും കൊല്ലപ്പെടുന്നത്. ഈ കേന്ദ്രങ്ങളെല്ലാം യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെയും ഇസ്രായേലിന്‍റെയും പിന്തുണയോടെയാണ് പ്രവർത്തിക്കുന്നത്. മോട്ടോർസൈക്കിൾ ക്ലബിന്‍റെ പത്തോളം അംഗങ്ങൾ മുതിർന്ന സുരക്ഷ ചുമതലകൾ വഹിക്കുന്നവരാണ്. വാർത്ത പുറത്തുവന്നതിനു പിന്നാലെ യു.ജി സൊല്യൂഷൻസ് തങ്ങളുടെ ജീവനക്കാരെ പിന്തുണച്ച് രംഗത്തെത്തി.
സ്ക്രീൻ ചെയ്തും അഭിരുചി നോക്കിയുമല്ല ആളുകളെ ജോലിക്ക് തെരഞ്ഞെടുക്കുന്നതെന്നാണ് കമ്പനിയുടെ വാദം. വിദ്വേഷവും വിവേചനപരവും പക്ഷപാതപരവുമായി പെരുമാറുന്നവരോട് ഒരുനിലക്കും വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ സ്വീകരിക്കുന്നതെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി. 2006ലെ ഇറാഖ് യുദ്ധത്തിൽ പങ്കെടുത്ത യു.എസ് സൈന്യകരാണ് ഇൻഫിഡൽസ് മോട്ടോർസൈക്കിൾ ക്ലബ് രൂപവത്കരിച്ചത്. മുസ്ലിം വിദ്വേഷ പ്രചാരണത്തിന് പേരുകേട്ടവരാണ് സംഘം. ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ മുസ്ലിം വിരുദ്ധ പ്രഭാഷണങ്ങളും പരാമർശങ്ങളും വർഗീയ വിദ്വേഷങ്ങളും പ്രചരിപ്പിക്കുന്നത് സംഘത്തിന്‍റെ പ്രധാന ഹോബിയാണ്. മുസ്ലിംകളുടെ പുണ്യമാസമായ റമദാനെതിരെ പന്നി ഫെസ്റ്റ് നടത്തിയാണ് ഈ ബൈക്കർ ക്ലബ് പ്രതിഷേധിച്ചത്.
സഹായ വിതരണ കേന്ദ്രത്തിന്‍റെ സുരക്ഷ ചുമതലയിൽ ഇത്തരം സംഘത്തിലുള്ളവരെ നിയമിച്ചതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഗസ്സയിൽ മാനുഷിക സഹായവിതരണത്തിന്‍റെ ചുമതലകൾ ഇൻഫിഡൽസ് ബൈക്കർ ക്ലബ് അംഗങ്ങൾക്ക് നൽകിയത് അസംബന്ധമാണെന്ന് അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസ് (സി.എ.ഐ.ആർ) കൗൺസിലിന്‍റെ ഡെപ്യൂട്ടി ഡയറക്ടർ എഡ്വേർഡ് അഹ്മദ് മിച്ചൽ കുറ്റപ്പെടുത്തി. ഇത് വലിയ സംഘർഷത്തിന് ഇടയാക്കുമെന്നും അതാണ് ഇപ്പോൾ ഗസ്സയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഗസ്സയിൽ യു.ജി സൊല്യൂഷൻസിനുവേണ്ടി പണിയെടുക്കുന്ന 320 പേരിൽ 40ഓളം ആളുകൾ ബൈക്കർ ക്ലബിൽനിന്നുള്ളവരാണ്. ഗസ്സയിൽനിന്നുള്ള സംഘത്തിന്‍റെ സമൂഹമാധ്യമ കുറിപ്പുകളും ഫോട്ടോകളും അക്രമം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ളതാണ്.
ഗസ്സയിലെ സഹായവിതരണ കേന്ദ്രങ്ങളിൽ സംഘർഷങ്ങളും വെടിവെപ്പും പതിവാകുന്നതും പലവിധ സംശയങ്ങൾക്കിടയാക്കുന്നുണ്ട്. സഹായ കേന്ദ്രങ്ങളുടെ സുരക്ഷ ജീവനക്കാർ തന്നെ സഹായത്തിനായി എത്തുന്നവർക്കുനേരെ നിറയൊഴിക്കുകയാണെന്ന ആരോപണവും ശക്തമാണ്. അതേസമയം, സിവിലിയന്മാർക്കെതിരെ തങ്ങളുടെ സുരക്ഷ ജീവനക്കാർ വെടിയുതിർത്തെന്ന ആരോപണം യു.ജി സൊല്യൂഷൻസ് നിഷേധിച്ചു. എന്നാൽ, ആൾക്കൂട്ടത്തെ നിയന്ത്രിക്കാനും പിരിച്ചുവിടാനുമായി വാണിങ് ഷോട്ടുകൾ വെക്കാറുണ്ടെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

