സർക്കാർ വിരുദ്ധ പ്രക്ഷോഭം; ഇറാനിൽ മരണം 500 കടന്നു, പ്രക്ഷോഭം 30 നഗരങ്ങളിലേക്ക് വ്യാപിച്ചു; ചർച്ചക്ക് ഇറാൻ തയാറെന്ന് ട്രംപ്
text_fieldsതെഹ്റാൻ: ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ മരണം 500 കടന്നതിനിടെ യു.എസ് ആക്രമണം തടയാൻ ചർച്ചക്ക് ഇറാൻ സമ്മതിച്ചതായി ട്രംപ്. എന്നാൽ, മരണസംഖ്യ കുത്തനെ ഉയരുകയും സർക്കാർ പ്രക്ഷോഭകരെ അറസ്റ്റ് ചെയ്യുന്നത് തുടരുകയും ചെയ്യുന്നതിനാൽ ചർച്ചക്ക് മുമ്പ് ആക്രമണം നടത്തേണ്ടിവരുമെന്ന് ട്രംപ് ഭീഷണി ആവർത്തിച്ചു.
മൂന്നാം ആഴ്ചയിലേക്ക് കടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ മരണം 544 ആയതായി യു.എസ് ആസ്ഥാനമായുള്ള മനുഷ്യാവകാശ പ്രവർത്തകരുടെ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. കൊല്ലപ്പെട്ടവരിൽ 496 പ്രതിഷേധക്കാരും 48 സുരക്ഷാ ഉദ്യോഗസ്ഥരുമാണ്. 10,600 പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്റർനെറ്റും മൊബൈൽ ഫോണും നിർത്തിയതിനാൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. പ്രക്ഷോഭം 30ഓളം നഗരങ്ങളിലേക്ക് വ്യാപിച്ചതായാണ് റിപ്പോർട്ട്.
അതേസമയം, രാജ്യത്ത് സ്ഥിതി നിയന്ത്രണവിധേയമാണെന്നും കഴിഞ്ഞ ദിവസങ്ങളിൽ രക്തരൂക്ഷിതമായി മാറിയത് അമേരിക്കൻ പ്രസിഡന്റ് ട്രംപിന് ഇടപെടാൻ ചിലർ ബോധപൂർവം അവസരം സൃഷ്ടിച്ചതാണെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ച്ചി കുറ്റപ്പെടുത്തി. പ്രതിഷേധക്കാർക്ക് ആയുധം വിതരണം ചെയ്യുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ ലഭ്യമാണെന്നും പിടിയിലായ പ്രതിഷേധക്കാരുടെ കുറ്റസമ്മത മൊഴി ഉടൻ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധങ്ങൾക്കിടെ സർക്കാർ അനുകൂല പ്രകടനങ്ങളും രാജ്യത്ത് വിവിധ കേന്ദ്രങ്ങളിലായി ആരംഭിച്ചിട്ടുണ്ട്. തെഹ്റാനിലെ ഇൻക്വിലാബ് ചത്വരത്തിൽ ആയിരങ്ങൾ അണിനിരന്ന പ്രകടനത്തിന്റെ ചിത്രങ്ങൾ ഔദ്യോഗിക ടെലിവിഷൻ ചാനൽ പുറത്തുവിട്ടു. പ്രതിഷേധങ്ങൾക്കിടെ കൊല്ലപ്പെട്ട സുരക്ഷ ഉദ്യോഗസ്ഥരെ അനുസ്മരിച്ച് മൂന്ന് ദിവസത്തെ ദുഃഖാചരണവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
വിലക്കയറ്റം ജീവിതം വഴിമുടക്കിയതിന് പിന്നാലെയാണ് ഡിസംബർ അവസാനത്തിൽ രാജ്യത്ത് ജനം തെരുവിലിറങ്ങിയത്. പ്രക്ഷോഭം നിയന്ത്രണാതീതമായതോടെ ദിവസങ്ങൾക്ക് മുമ്പ് ഇൻറർനെറ്റ്, മൊബൈൽ സേവനങ്ങൾ വിലക്കി. നാലു ദിവസമായി മുടങ്ങിക്കിടക്കുന്ന ഈ സേവനങ്ങൾ ഇതുവരെയും പുനഃസ്ഥാപിച്ചിട്ടില്ല. തെഹ്റാൻ, മശ്ഹദ് അടക്കം പ്രധാന നഗരങ്ങളിലാണ് പ്രക്ഷോഭം കൂടുതൽ ശക്തിയാർജിച്ചത്.
പ്രതിഷേധങ്ങൾ രക്തരൂക്ഷിതമായി മാറുന്നത് തുടർന്നാൽ ആക്രമണം നടത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനം ഉടൻ നടപ്പാക്കുമെന്ന ആശങ്ക ശക്തമാണ്. സൈനിക ആക്രമണം, രഹസ്യ സൈബർ ആയുധങ്ങൾ പ്രയോഗിക്കൽ, ഉപരോധം വ്യാപിപ്പിക്കൽ എന്നിവയെല്ലാം അമേരിക്ക പരിഗണിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

