കരിങ്കടലിൽ കപ്പലിനു നേരെ ഉണ്ടായ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു
text_fieldsമോസ്കോ: കരിങ്കടലിലെ റഷ്യൻ സമുദ്രാതിർത്തിയിലൂടെ സഞ്ചരിക്കുകയായിരുന്ന വാണിജ്യ കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ജൂലൈ 18നാണ് 'എം.വി ഒമോർഫി' എന്ന കപ്പൽ ആക്രമിക്കപ്പെട്ടതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. കപ്പലിലുണ്ടായിരുന്ന 10 ജീവനക്കാരിൽ മൂന്ന് പേർ ഇന്ത്യൻ പൗരന്മാരാണ്. ഇതിൽ ചീഫ് ഓഫീസറായ സാഗർ ഗുപ്തയാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മറ്റ് രണ്ട് ഇന്ത്യൻ ജീവനക്കാർ സുരക്ഷിതരാണ്.
മാർഷൽ ഐലൻഡ്സിന്റെ പതാകയേന്തിയ 'ഒമോർഫി' കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. സമുദ്ര ഗതാഗതത്തിന്റെ സുരക്ഷയും ആഗോള വാണിജ്യത്തിന്റെ തടസ്സമില്ലാത്ത ഒഴുക്കും ഉറപ്പാക്കാൻ അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കണമെന്ന് ഇന്ത്യ വീണ്ടും ആവശ്യപ്പെട്ടു. കപ്പൽ ആക്രമിച്ചത് ആരാണെന്ന് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും, യുക്രേനിയൻ ഡ്രോൺ ആണ് ആക്രമണം നടത്തിയതെന്ന് ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
ഇതിനുപുറമെ, ഇറാന് സമീപം എൽ.പി.ജി കപ്പലായ 'ദിശ'ക്ക് നേരെ മിസൈൽ ആക്രമണമുണ്ടാവുകയും, കപ്പലിന്റെ നിയന്ത്രണ ശേഷി താൽക്കാലികമായി നഷ്ടപ്പെടുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. വെള്ളിയാഴ്ചയാണ് മൊസാംബിക് പതാകയേന്തിയ എൽ.പി.ജി കാരിയർ 'ദിശ' അജ്ഞാത മിസൈലാക്രമണത്തിന് ഇരയായത്. ഇറാന് സമീപം വെച്ചുണ്ടായ ഈ ആക്രമണത്തിൽ കപ്പലിന്റെ എൻജിൻ റൂമിലാണ് മിസൈൽ പതിച്ചത്. ഇത് തീപിടുത്തത്തിനും കപ്പലിന്റെ നിയന്ത്രണം താൽക്കാലികമായി നഷ്ടപ്പെടുന്നതിനും കാരണമായി. കപ്പലിലെ 30 ജീവനക്കാരിൽ 29 പേരും ഇന്ത്യക്കാരാണ്.
ഡയറക്ടറേറ്റ് ജനറൽ ഓഫ് മാരിടൈം അഡ്മിനിസ്ട്രേഷൻ തയാറാക്കിയ റിപ്പോർട്ട് പ്രകാരം, എൻജിൻ റൂമിലെ തീ അണക്കുകയും സാഹചര്യം നിയന്ത്രണവിധേയമാവുകയും ചെയ്തിട്ടുണ്ട്. കപ്പൽ നങ്കൂരമിട്ടിരിക്കുകയാണെന്നും എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇതിന് തൊട്ടടുത്ത ദിവസമാണ് ഗിനി ബിസൗവിന്റെ പതാകയുള്ള 'എം.വി ഗോൾഡൻ ലിയോ' എന്ന കപ്പലിന് നേരെ റഷ്യൻ ആക്രമണമുണ്ടായത്. ഈ കപ്പലിലുണ്ടായിരുന്ന നാല് ഇന്ത്യൻ നാവികർ ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ട ഇന്ത്യക്കാരിപ ഒരു നാവികൻ മലയാളി ആയിരുന്നു.
വാണിജ്യ കപ്പലുകളെ ലക്ഷ്യമിടുന്നതും നിരപരാധികളായ സാധാരണക്കാരായ ജീവനക്കാരുടെ ജീവൻ അപകടത്തിലാക്കുന്നതുമായ ഇത്തരം ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിക്കുന്നതായി മന്ത്രാലയം അറിയിച്ചു. റഷ്യയിലെ ഇന്ത്യൻ എംബസി ബന്ധപ്പെട്ട അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കൊല്ലപ്പെട്ട നാവികന്റെ കുടുംബത്തിന് എല്ലാവിധ സഹായങ്ങളും എത്തിക്കാൻ ശ്രമിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി.
റഷ്യ-യുക്രെയ്ൻ സംഘർഷത്തിലും മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളിലും പെട്ട് ഇതുവരെ നിരവധി ഇന്ത്യൻ നാവികരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. ഈ പശ്ചാത്തലത്തിൽ, സുരക്ഷ മുൻനിർത്തി കരിങ്കടൽ, യമൻ തീരങ്ങൾ, ഹുർമുസ് കടലിടുക്ക് തുടങ്ങിയ മേഖലകളിൽ കപ്പലുകൾക്കായി ഇന്ത്യ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

