ഹൂതികൾക്കു നേരെ വീണ്ടും യു.എസ് ആക്രമണം; യു.എസ് വിമാനവാഹിനി ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഹൂതികൾ
text_fieldsസൻആ: യമനിലെ ഹൂതികൾക്കെതിരെ ആക്രമണം കടുപ്പിച്ച് യു.എസ്. ബുധനാഴ്ച രാത്രി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന യു.എസ് വ്യോമാക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മൻസൂരിയ ജില്ലയിലെ ഹുദൈദ ഗവർണറേറ്റിലാണ് നാലുപേർ കൊല്ലപ്പെട്ടത്.
ഹജ്ജ, സഅദ, സൻആ തുടങ്ങിയ മേഖലകളിലും ആക്രമണമുണ്ടായി. സഅദയിൽ 17 തവണയാണ് വ്യോമാക്രമണം നടന്നതെന്ന് ഹൂതികൾ അറിയിച്ചു. ഹുദൈദയിലെ റാസ് ഇസ തുറമുഖത്തും ഇബ്ബ് ഗവർണറേറ്റിലെ ജബൽ നാമ പർവതത്തിലും ഓരോരുത്തർ കൊല്ലപ്പെട്ടിട്ടുണ്ട്.
രണ്ടാഴ്ചയിലേറെയായി ഹൂതികൾക്കെതിരായി യു.എസ് നടത്തുന്ന ബോംബിങ്ങിൽ ഇതുവരെ 67 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് കണക്ക്. ചെങ്കടലിൽ നങ്കൂരമിട്ട യു.എസ് യുദ്ധവിമാന വാഹിനിയായ യു.എസ്.എസ് ഹാരി എസ്. ട്രൂമാനിൽനിന്നാണ് ഹൂതികൾക്കെതിരെ വ്യോമാക്രമണം നടത്തുന്നത്.
അതേസമയം, യു.എസ്.എസ് ഹാരി എസ്. ട്രൂമാനെ ലക്ഷ്യമിട്ട് വീണ്ടും ആക്രമണം നടത്തിയതായി ഹൂതികൾ അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

