ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ പുതിയ വഴിത്തിരിവ്; ഉപതെരഞ്ഞെടുപ്പിൽ മിന്നുന്ന വിജയവുമായി ആൻഡി ബർണാം
text_fieldsലണ്ടൻ: വടക്കൻ ഇംഗ്ലണ്ടിലെ നിർണായകമായ ഉപതെരഞ്ഞെടുപ്പിൽ ഗ്രേറ്റർ മാഞ്ചസ്റ്റർ മേയർ ആൻഡി ബർണാമിന് ഉജ്ജ്വല വിജയം. ലേബർ പാർട്ടി നേതൃത്വത്തിലേക്കും വരുംകാലത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കും മത്സരിക്കാനുള്ള വഴിയൊരുക്കിയാണ് ബർണാം ഈ വിജയം സ്വന്തമാക്കിയത്.
വെള്ളിയാഴ്ച പുലർച്ചെ പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫലം ബർണാമിന് പുതിയ രാഷ്ട്രീയ സാധ്യതകളാണ് തുറന്ന് നൽകുന്നത്. നിലവിലെ പ്രധാനമന്ത്രി കെയർ സ്റ്റാർമർക്കെതിരെ ലേബർ പാർട്ടി നേതൃസ്ഥാനത്തേക്ക് വെല്ലുവിളി ഉയർത്താൻ ആവശ്യമായ ഹൗസ് ഓഫ് കോമൺസ് സീറ്റ് ഇതോടെ ബർണാമിന് ലഭിച്ചു.
24,927 വോട്ടുകൾ നേടിയാണ് ബർണാം വിജയിച്ചത്. തൊട്ടടുത്ത എതിരാളിയേക്കാൾ 9,000 വോട്ടുകളുടെ വലിയ ഭൂരിപക്ഷമാണ് അദ്ദേഹം നേടിയത്. മേക്കർഫീൽഡ് മണ്ഡലത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ കുടിയേറ്റ വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന റിഫോം യു.കെ പാർട്ടിയുടെ റോബർട്ട് കെനിയനെ ബഹുദൂരം പിന്നിലാക്കിയാണ് ബർണാം വിജയിച്ചത്.
രാഷ്ട്രീയ സംവിധാനം പരാജയപ്പെട്ടുവെന്നും രാജ്യം ശരിയായ ദിശയിലല്ല സഞ്ചരിക്കുന്നതെന്നും വിജയാഘോഷത്തിനിടെ ബർണാം പറഞ്ഞു. മേക്കർഫീൽഡ് മണ്ഡലത്തിലെ വിജയം ഒരു വലിയ രാഷ്ട്രീയ മാറ്റത്തിന്റെ തുടക്കമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്രേറ്റർ മാഞ്ചസ്റ്റർ മേയർ എന്ന നിലയിൽ ജനകീയ വിഷയങ്ങൾ ഉയർത്തിക്കാട്ടി ശ്രദ്ധേയനായ ബർണാമിനെ 'കിങ് ഓഫ് ദ നോർത്ത്' എന്നാണ് മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. ലണ്ടൻ കേന്ദ്രീകൃതമായ രാഷ്ട്രീയ നയങ്ങളെയും സാമ്പത്തിക അസമത്വങ്ങളെയും ബർണാം നിരന്തരം ചോദ്യം ചെയ്തിരുന്നു. 2015ലെ നേതൃമത്സരത്തിൽ ജെറമി കോർബിന് തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്തെത്തിയ ബർണാം, ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രധാനമന്ത്രിയാകാൻ ഏറ്റവും സാധ്യതയുള്ള വ്യക്തിയായാണ് വിലയിരുത്തപ്പെടുന്നത്.
ലേബർ പാർട്ടിയെ വലിയ വിജയത്തിലേക്ക് നയിച്ചുവെങ്കിലും കെയർ സ്റ്റാർമറുടെ നേതൃത്വത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. മെയ് മാസത്തിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് തിരിച്ചടി നേരിട്ടതോടെ സ്റ്റാർമറുടെ രാജി ആവശ്യപ്പെട്ടുള്ള മുറവിളികൾ ശക്തമായിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇരുപതോളം മന്ത്രിമാരാണ് സ്റ്റാർമർ മന്ത്രിസഭയിൽ നിന്ന് രാജിവെച്ചത്. ഇതിൽ പലരും സ്റ്റാർമറുടെ നേതൃത്വത്തിലുള്ള വിശ്വാസക്കുറവ് പരസ്യമായി പ്രകടിപ്പിച്ചിരുന്നു. എന്നാൽ, താൻ രാജിവെക്കില്ലെന്നും ഏത് വെല്ലുവിളിയെയും നേരിടുമെന്നുമാണ് സ്റ്റാർമറുടെ നിലപാട്.
വരാനിരിക്കുന്ന ദിവസങ്ങളിൽ ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് ഈ വിജയം കാരണമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഇപ്‌സോസ് നടത്തിയ സർവേയിൽ 25 ശതമാനം ആളുകളും ബർണാമിനെ പിന്തുണച്ചപ്പോൾ, 12 ശതമാനം പേർ മാത്രമാണ് സ്റ്റാർമറെ പിന്തുണച്ചത്. 58.75 ശതമാനമായിരുന്നു മണ്ഡലത്തിലെ പോളിങ് ശതമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

