വില്‍ക്കാനുണ്ട് ഒരു ദ്വീപ്, വില 190,000 ഡോളർ മാത്രം!
text_fieldsദൈനംദിന ജീവിതത്തിലെ തിരക്കുകളിൽ നിന്ന് രക്ഷപ്പെടാനും ചുറ്റുമുള്ള ഏറ്റവും മനോഹരമായ പ്രകൃതിദൃശ്യങ്ങൾ ആസ്വദിക്കാനും ഈ ദ്വീപ് നിങ്ങളെ ക്ഷണിക്കുന്നു. സ്കോട്ട്ലൻഡിന്റെ തെക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന വിദൂരവും ജനവാസമില്ലാത്തതുമായ ദ്വീപായ ബാർലോകോ 190,000 ഡോളറിന് (ഏകദേശം ₹ 1.5 കോടി) വിൽപ്പനയ്‌ക്കെത്തിയിരിക്കുന്നു. ശൈത്യകാലത്ത് കന്നുകാലികൾക്കും മറ്റ് ജീവജാലങ്ങൾക്കും വെള്ളം വിതരണം ചെയ്യുന്ന കുളവും കാൽനടയായി എത്തിച്ചേരാവുന്ന ഒരു പെബിൾ ബീച്ചും ഇവിടെയുണ്ട്.
25 ഏക്കറോളം വിസ്തൃതിയുള്ള ഈ ദ്വീപ് പച്ചപ്പുല്ലും പാറക്കെട്ടുകളും നിറഞ്ഞ കടലിലേക്ക് വ്യാപിച്ചുകിടക്കുന്നു. കടൽപ്പക്ഷികളുടെ സാന്നിദ്ധ്യവും ഇവിടെ കൂടുതലാണ്. ഏറ്റവും അടുത്തുള്ള ടൗൺ ഏകദേശം ആറ് മൈൽ അകലെയാണ്. റോഡ് മാർഗം അടുത്തുള്ള റെയിൽവേ സ്റ്റേഷനിൽ എത്താൻ ഒരു മണിക്കൂർ എടുക്കും. ലണ്ടനും എഡിൻബർഗും യഥാക്രമം 350, 100 മൈലുകൾ അകലെയാണ്. ദ്വീപുമായി ബന്ധപ്പെട്ട് നിലവിലുള്ളതോ ചരിത്രപരമോ ആയ വിവരങ്ങളൊന്നും ലഭ്യമല്ല.
അപൂർവയിനം ജന്തു-സസ്യജാലങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണ് ബാർലോകോ ദ്വീപ്. റോക്ക് സീ ലാവെൻഡർ, സുഗന്ധമുള്ള ഓർക്കിഡ് തുടങ്ങിയ അപൂർവ സസ്യങ്ങളും ഈ ദ്വീപിൽ ഉൾപ്പെടുന്നു.

